ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ; ഗിന്നസ് റെക്കോർഡ് നേട്ടവുമായി നാല് വയസുകാരൻ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സയീദ് റഷീദ് അൽ മെഹെരി. വെറും നാല് വയസ് മാത്രമാണ് ഈ കൊച്ചുമിടുക്കന്റെ പ്രായം. ദ എലിഫന്റ് സയീദും കരടിയും എന്ന പുസ്തകം എഴുതിയാണ് സയീദ് ഈ അപൂർവ നേട്ടം കൈവരിച്ചത്. ഈ പുസ്തകത്തിൽ രണ്ട് മൃഗങ്ങൾ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചാണ് പറയുന്നത്. യുഎഇ സ്വദേശിയാണ്.സഹോദരിയാണ് ഈ കൊച്ചുമിടുക്കൻറെ പ്രചോദനം. എട്ടാം വയസ്സിൽ ദ്വിഭാഷാ പുസ്തക പരമ്പര പ്രസിദ്ധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് സഹോദരിയും നേടിയിരുന്നു. “എന്റെ സഹോദരിയെ ഞാൻ വളരെയധികം സ്നേഹിക്കുന്നു. അവളോടൊപ്പമാണ് ഞാൻ എപ്പോഴും കളിക്കുന്നത്. ഞങ്ങൾ ഒരുമിച്ച് വായിക്കുകയും എഴുതുകയും വരയ്ക്കുകയും ചെയ്യാറുണ്ട്. അവളിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഞാൻ ഈ പുസ്തകം എഴുതിയത് എന്നും സയീദ് പറഞ്ഞു.‘‘സയീദ് എന്ന ആനയുടെയും ഒരു ധ്രുവക്കരടിയുടെയും കഥയാണ് ഈ പുസ്തകത്തിൽ പറയുന്നത്. അവർ പരസ്പരം ദയ കാണിക്കുകയും സുഹൃത്തുക്കളാകുകയും ചെയ്യുന്നു’’ കുട്ടി എഴുത്തുകാരൻ പറയുന്നു. അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഈ കൊച്ചുമിടുക്കൻ. അബുദാബി ആസ്ഥാനമായുള്ള റെയിൻബോ ചിമ്മിനി എജ്യുക്കേഷണൽ എയ്ഡ്‌സ് പ്രസിദ്ധീകരിച്ച സയീദിന്റെ പുസ്തകം ഇതിനകം 1000 കോപ്പികൾ വിറ്റഴിഞ്ഞു.