മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രതിരോധ - നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ഇന്റര്‍സെക്ടറല്‍ കോ-ഓര്‍ഡിനേഷന്‍ യോഗം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. മഴക്കാലവുമായി ബന്ധപ്പെട്ട് ഉണ്ടാകുവാന്‍ ഇടയുള്ള സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാന്‍ വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങളും പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.
കാലവര്‍ഷത്തോടനുബന്ധിച്ച് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കൊതുകുപരത്തുന്ന രോഗങ്ങളായ ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി, മലേറിയ, ജപ്പാന്‍ജ്വരം എന്നിവയും ജലജന്യ രോഗങ്ങളും തടയാന്‍ കൊതുകുകളുടെ ഉറവിട നശീകരണം ഊര്‍ജിതമാക്കണം. സര്‍ക്കാര്‍ ഓഫീസുകളിലും വീടുകളിലും പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും കളക്ടര്‍ നല്‍കി. ജില്ലയിലെ കോവിഡ് സ്ഥിതിഗതി, ശരാശരി കേസുകളുടെ എണ്ണം, പ്രതിദിന കോവിഡ് കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവയെ സംബന്ധിച്ചും യോഗം വിലയിരുത്തി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ജയമോഹന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിന്ദു മോഹന്‍, ഡി.പി.എം ആശാ വിജയന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
#ഒരുമയോടെtvm #orumayodetvm