സ്മാർട്ട് ' മേക്കോവറിൽ വിതുര, മണ്ണൂർക്കര വില്ലേജ് ഓഫീസുകൾ.

വിവിധ ആവശ്യങ്ങൾക്കായി വിതുര, മണ്ണൂർകര വില്ലേജ് ഓഫീസുകളിൽ എത്തുന്നവർക്ക് ഇനി സേവനങ്ങൾ കൂടുതൽ 'സ്മാർട്ടായി' ലഭിക്കും. ആധുനിക സൗകര്യങ്ങളോടെ നിർമിച്ച മണ്ണൂർക്കര, വിതുര സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നാടിന് സമർപ്പിച്ചു.

കാട്ടാക്കട താലൂക്കിലെ മണ്ണൂർക്കര സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമിച്ചത്. നിർമ്മിതി കേന്ദ്രമാണ് നിർമാണം പൂർത്തിയാക്കിയത്. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് നെടുമങ്ങാട് താലൂക്കിലെ വിതുര വില്ലേജിനായി പുതിയ കെട്ടിടം പണിതത്. കേരള ഇലെക്ട്രിക്കൽ ആൻഡ് അലൈയ്ഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിന് (കെഇഎൽ ) ആയിരുന്നു നിർമാണ ചുമതല.

പുതിയ കെട്ടിടത്തിൽ ഓഫീസ് ഏരിയ, വില്ലേജ് ഓഫീസറുടെ മുറി, ഡൈനിംഗ് റൂം, റെക്കോഡ് റൂം, ഹെൽപ് ഡെസ്‌ക്, വെയ്റ്റിംഗ് ഏരിയ, ഭിന്നശേഷി സൗഹൃദ ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. എം.എൽ.എ യുടെ പ്രത്യേക വികസന നിധി ഉപയോഗിച്ച് ഇ- ഓഫീസ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി വില്ലേജ് ഓഫീസുകൾക്ക് കമ്പ്യൂട്ടർ, പ്രിന്റർ, അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തിരുന്നു. ഇതോടെ ഓഫീസുകളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും സമയബന്ധിതമായും ലഭ്യമാകും.

കാട്ടാക്കട താലൂക്കിലെ 13 വില്ലേജ് ഓഫീസുകളിൽ മാറനല്ലൂർ, കള്ളിക്കാട്, വിളപ്പിൽ, മലയിൻകീഴ്, കുളത്തുമ്മൽ, അമ്പൂരി, മണ്ണൂർക്കര വില്ലേജുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായി മാറിക്കഴിഞ്ഞു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വിളവൂർക്കൽ, ഒറ്റശേഖരമംഗലം എന്നീ രണ്ട് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണം പുരോഗമിക്കുന്നു. 2023-24 പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി വീരണകാവ് വില്ലേജിലെ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നതിനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു.

ജി സ്റ്റീഫൻ എം.എൽ.എ. അധ്യക്ഷനായ ചടങ്ങുകളിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ, ജനപ്രതിനിധികൾ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.