പ്രിയപ്പെട്ടവന്റെ തുടിപ്പുകൾ നാല് പുതുജീവനായി, തീവ്രദു:ഖത്തിലും മുന്നോട്ടുവന്നത് പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരേ സമയം നടന്ന രണ്ട് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും വിജയം. തിരുവനന്തപുരം കണിയാപുരം സ്വദേശിയ്ക്കും (48), മയ്യനാട് സ്വദേശിയ്ക്കുമാണ് (54) വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണമടഞ്ഞ ബാലരാമപുരം സ്വദേശി ശരത്കൃഷ്ണന്റെ (32) അവയവങ്ങളാണ് ദാനം നല്‍കിയത്. രാത്രിയില്‍ തന്നെ വേണ്ട ക്രമീകരണങ്ങളൊരുക്കി രണ്ട് ശസ്ത്രക്രിയകളും വിജയകരമാക്കിയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. പൂര്‍ണ ഗര്‍ഭിണിയായിട്ടും തീവ്രദു:ഖത്തിനിടയിലും അവയവദാനത്തിനായി മുന്നോട്ട് വന്ന ഭാര്യ അര്‍ച്ചനയെ മന്ത്രി നന്ദിയറിയിച്ചു.കഴിഞ്ഞ ഏഴാം തീയതിയാണ് തമിഴ്‌നാട് കോവില്‍പ്പെട്ടിയില്‍ വച്ച് വാഹനാപകടത്തിലൂടെ ശരത്കൃഷ്ണന് ഗുരുതരമായി പരിക്കേറ്റത്. അവിടത്തെ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും വിദഗ്ധ ചികിത്സ നല്‍കി. മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് അവയവദാനത്തിന് ഭാര്യ തയ്യാറാകുകയായിരുന്നു. രണ്ട് വൃക്കകകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. അനുയോജ്യരായ മറ്റ് രോഗികള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമില്ലാത്തതിനാല്‍ മറ്റവയവങ്ങള്‍ എടുക്കാനായില്ല. കെ. സോട്ടോ വഴിയാണ് അവയവ വിന്യാസം നടത്തിയത്.എബി പോസിറ്റീവ് രക്ത ഗ്രൂപ്പില്‍പ്പെട്ട രോഗികള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളതാണ് രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ലഭിച്ചത്. രണ്ട് സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ഒരുമിച്ച് ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇതിനുള്ള ക്രമീകരണങ്ങള്‍ വളരെപ്പെട്ടന്ന് മെഡിക്കല്‍ കോളേജില്‍ നടത്തിയാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റുള്ളവര്‍ തുടങ്ങി 50 ഓളം ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയായിരുന്നു ഈ ശസ്ത്രക്രിയകള്‍. ഇന്ന് അതിരാവിലെ 4 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയകള്‍ രാവിലെ 9 മണിക്കാണ് പൂര്‍ത്തിയാക്കിയത്.