വരും മണിക്കൂറുകളിൽ ഒമ്പത് ജില്ലകളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ, മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ഒമ്പത് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ, മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റര്‍ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. 

കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമേകാൻ വേനൽ മഴ വരും ദിവസങ്ങളിൽ മെച്ചപ്പെട്ടേക്കാം എന്നാണ് വിലയിരുത്തൽ. അഞ്ച് ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ടായിരുന്നു. ഏപ്രിൽ 02 മുതൽ 06 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.