ബൈക്കിലെത്തി ആസിഡൊഴിച്ചു'; യുവതിയുടെ പരാതി 'തിരക്കഥ', പൊളിച്ച് പൊലീസ്, കാമുകനടക്കം പിടിയിൽ

കുലശേഖരം: കന്യാകുമാരി ജില്ലയിലെ കുലശേഖരത്ത് ബൈക്കിലെത്തിയ രണ്ട് പേര്‍ ആസിഡൊഴിച്ച് പൊള്ളിച്ചെന്ന പരാതി കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ യുവതി തയ്യാറാക്കിയ തിരക്കഥയെന്ന് പൊലീസ്. സംഭവത്തിൽ യുവതിയുടെ കാമുകൻ അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി കുലശേഖരത്തിന് സമീപം ഇക്കഴിഞ്ഞ 31 നാണ് സംഭവം നടന്നത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടക്കവെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആസിഡൊഴിച്ചെന്നായിരുന്നു മടത്തൂർകോണം സ്വദേശി ലതയുടെ പരാതി. നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് യുവതിയെ കുലശേഖരത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് പരിശോധനയിൽ പക്ഷെ ലതയുടെ ശരീരത്തിൽ പൊള്ളലോ മറ്റ് മുറിവുകളോ ആസിഡൊഴിച്ചതിന്‍റെ ലക്ഷണമോ ഉണ്ടായിരുന്നില്ല. 


തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്. അന്വേഷണത്തില്‍ യുവതിക്ക് 35 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടെന്ന് മനസിലാക്കി. തുടര്‍ന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകനെ മുൻനിര്‍ത്തി തയ്യാറാക്കിയ തിരക്കഥ ചുരുളഴിയുന്നത്. ആസിഡ് ആക്രമണം നടന്നെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തി കടക്കാരിൽ നിന്ന് രക്ഷപ്പെടാനായിരുന്നു യുവതിയുടെയും സുഹൃത്തുക്കളുടേയും തന്ത്രം. കള്ളി പൊളിഞ്ഞതോടെ തട്ടിപ്പിന് കൂട്ടു നിന്ന കാമുകനെയും സുഹൃത്തുക്കളും അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.  അതേസമയം തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഡിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് കത്തിക്കുത്തിലേക്കെത്തിയത്. പൗണ്ടുകുളം കോളനി ഹൗസ് നമ്പർ 100-ൽ ഉല്ലാസ് കുമാറി (40)നെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബീഡി നൽകാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.