വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് മറ്റൊരു പെരുന്നാൾ കൂടി വരുന്നു. കൊവിഡ് ഭീതി പടിയ്ക്കലെത്തിയെങ്കിലും കൂടിച്ചേരലുകൾ വിലക്കാത്തതുകൊണ്ട് തന്നെ ഇത്തവണ വിവിധിയിടങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന ഈദ് ഗാഹുകളും പ്രാർത്ഥനകളും നടക്കും. ശവ്വാൽ ചന്ദ്രി ദൃശ്യമാകുന്നതോടെയാണ് പെരുന്നാളിന് തുടക്കമാകുന്നത്. 30 ദിവസത്തെ കഠിന വ്രതത്തിന് സമാപനം കുറിച്ചുകൊണ്ട് ഇസ്ലാം മതവിശ്വാസികൾ പെരുന്നാൾ തിരക്കിലേക്ക് വഴിമാറും. രാത്രിയിൽ മൈലാഞ്ചി അണിഞ്ഞും ബന്ധുവീടുകൾ സന്ദർശിച്ചും പെരുന്നാളിന്റെ വരവറിയിക്കും. ഒപ്പം വിശന്നിരിക്കുന്ന നിർധനരായ സഹോദരങ്ങൾക്ക് അരിയും ഭക്ഷ്യസാധനങ്ങളുമായി ഓരോ വിശ്വാസിയും എത്തും. ഫിത്വർ സക്കാത്ത് ( ഭക്ഷണധാന്യം ദാനം ചെയ്യുന്ന ചടങ്ങ് ) എന്നാണ് ഇതിന് പറയുക. വീട്ടിലെ ഓരോ അംഗങ്ങളുടേയും പേരിൽ 2.400 കിലോഗ്രാം വീതം ധാന്യം നൽകേണ്ടതുണ്ട്. കേരളത്തിൽ പ്രധാനമായി നൽകുന്നത് അരിയാണ്.രാവിലെ തക്ബീറുകളാൽ മുഖരിതമാകും അന്തരീക്ഷം. രാവിലെ തന്നെ പുത്തൻ വസ്ത്രം ധരിച്ച് കുടുംബത്തിലെ മുതിർന്നവർ മറ്റ് കുടുംബാംഗങ്ങൾക്ക് പെരുന്നാൾ പണം നൽകും. പിന്നാലെ കുടുംബമൊന്നിച്ച് ഈദ് ഗാഹിൽ പങ്കെടുക്കും.ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം കുടുംബമൊത്ത് കഴിച്ച് തീരുന്നതോടെ പെരുന്നാൾ ആഘോഷങ്ങൾ അവസാനിക്കും.