ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് വിജയം. അവസാന ഓവർ വരെ നീണ്ടു നിന്ന മത്സരത്തിൽ ചെന്നൈക്ക് എട്ടു റണ്ണുകൾക്ക് വിജയം. ചെന്നൈ ഉയർത്തിയ 227 എന്ന വിജയലക്ഷ്യം ലക്ഷ്യമാക്കിയിറങ്ങിയ ബാംഗ്ലൂരിന്റെ ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 218ന് അവസാനിച്ചിരുന്നു.മത്സരം തുടങ്ങി ആദ്യ ഓവറിൽ തന്നെ വിരാട് കോലിയെ നഷ്ടപ്പെട്ടത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തിരിച്ചടിയായി. ആകാശ് സിംഗിന്റെ പന്തിൽ താരം പുറത്തുപോകുമ്പോൾ ബാംഗ്ലൂരിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് ആകെ ആറ് റണ്ണുകൾ മാത്രം. തുടർന്ന് ക്രീസിലെത്തിയ ലോംറോർ അഞ്ച് പന്തുകൾ മാത്രം റണ്ണുകൾ ഒന്നും നേടാതെ കളം വിട്ടു. രണ്ടാം ഓവറിൽ തുഷാർ ദേശ്പാണ്ഡെയുടെ പന്ത് ഋതുരാജിന്റെ കയ്യിലെത്തിച്ചു ലോംറോർ. തുടർന്ന്, കളിക്കളത്തിലെത്തിയ ഡ്യൂ പ്ലെസിസും മാക്‌സ്‌വെല്ലും ചേർന്നാണ് ബാംഗ്ലൂരിന്റെ പോരാട്ടത്തിന്റെ വഴിയിൽ എത്തിച്ചത്.
36 പന്തുകളിൽ നിന്ന് 76 റണ്ണുകളെടുത്ത മാക്സ്വെൽ, മഹീഷ് തീക്ഷണയുടെ പന്തിൽ ധോണിക്ക് ക്യാച്ച് നൽകിയാണ് പുറത്തുപോയത്. 33 പന്തിൽ നിന്ന് 62 റണ്ണുകൾ നേടിയ ഡ്യൂ പ്ലെസിസ്, മോയിൻ എറിഞ്ഞ പന്ത് ധോണിയിലേക്ക് തന്നെ എത്തിച്ചാണ് വിക്കറ്റ് നഷ്ടപെടുത്തിയത്. ഇരു താരങ്ങളും കളം വിട്ടതോടെ ബാംഗ്ലൂരിന് അടിപതറി. ദിനേശ് കാർത്തിക് (14 പന്തിൽ 28) പിടിച്ചു നില്ക്കാൻ ശ്രമിച്ചെങ്കിലും തുഷാർ ദേശ്പാണ്ഡെ താരത്തെ 17 ആം ഓവറിൽ ഡഗ്ഔട്ടിലേക്ക് അയച്ചു. ഷഹബാസിന്റെ ( 10 പന്തിൽ 12) വിക്കറ്റ് കൂടി പോയതോടെ ബാംഗ്ലൂർ തകർന്നു. സിറാജിനെ പിൻവലിച്ച് ക്രീസിലെത്തിയ ഇമ്പാക്ട് പ്ലയെർ സൂര്യ പ്രഭുദേശായി (11 പന്തിൽ 19) പൊരുതിയെങ്കിലും വൈകിയിരുന്നു.