തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ പ്രമുഖ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ് താരവും കൂട്ടാളിയും പിടിയിൽ. മോഷ്ടിച്ച സ്കൂട്ടറിലെത്തി കവർച്ചനടത്തുന്നവരാണ് പിടിയിലായത്. കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22) കിളിമാനൂർ കീഴ്പേരൂർ കിട്ടുവയലിൽ വീട്ടിൽ മീശ വിനീത് എന്ന വിനീത് (26) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്. ടിക് ടോക്ക് ഇൻസ്റ്റാഗ്രാം എന്നീ സമൂഹ്യമാധ്യമങ്ങളിൽ താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂർ സ്റ്റേഷനിൽ ബലാൽസംഗ കേസിലും പ്രതിയാണ്.