കുറച്ച് പണം കളഞ്ഞുകിട്ടിയിട്ടുണ്ട്, അടയാളം സഹിതം ബന്ധപ്പെടുക'; കോട്ടയത്ത് ഒരാൾ കാത്തിരിക്കുന്നുണ്ട്

കോട്ടയം: ഇനിയൊരു കാത്തിരിപ്പിന്റെ കഥയാണ്. കളഞ്ഞു കിട്ടിയ കാശിന്റെ ഉടമയെ കാത്തിരിക്കുന്ന ഒരു കോട്ടയംകാരന്റെ കഥ. കോട്ടയം പാലമ്പടം കവലയിലെ സംസം ഹോട്ടൽ. ക്യാഷ് കൗണ്ടറിൽ ഹോട്ടലുടമ നിസാമുണ്ട്. ഉച്ചയൂണിന്റെ തിരക്കാണ്. നിസാമിന്റെ ഇരിപ്പിടത്തിനു പിന്നിലെ ചുവരിൽ കഴിഞ്ഞ മാസം ഏഴാം തീയതി മുതൽ വെള്ളക്കടലാസിൽ ചുവന്ന അക്ഷരത്തിൽ ഒരു കുറിപ്പ് എഴുതിയിട്ടിട്ടുണ്ട്. അത് ഇങ്ങനെ വായിക്കാം.

കുറച്ചു പണം കളഞ്ഞു കിട്ടിയിട്ടുണ്ട് . ഉടമസ്ഥർ അടയാളം സഹിതം ബന്ധപ്പെടുക. മാനേജർ. ഭക്ഷണം കഴിക്കാൻ വന്നവരാരുടെയോ പക്കൽ നിന്ന് കളഞ്ഞു പോയ പണത്തിന് ഇങ്ങനെ നോട്ടീസ് എഴുതിയിട്ട് കാവലിരിക്കാൻ നിസാമിന് ഒരു കാരണമുണ്ട്. കളഞ്ഞു കിട്ടിയ പണത്തിന്റെ യഥാർഥ ഉടമ വരാൻ വേണ്ടി ഒരു വർഷം വരെ കാത്തിരിക്കാനാണ് നിസാമിന്റെ തീരുമാനം.ഇതൊക്കെ ഒരു വാർത്തയാണോ എന്ന് ചിലർക്കെങ്കിലും തോന്നാം. പിടിച്ചു പറിക്കലുകളുടെയും കൊടും കൊള്ളകളുടെയും വാർത്തകൾ ചുറ്റും നിറയുന്ന കാലത്ത് ഇതു പോലത്തെ ചെറു നൻമകൾ പ്രോൽസാഹിപ്പിക്കപ്പെടണം എന്ന ചിന്തയിൽ നിന്നാണ് ഈ വാർത്ത പ്രേക്ഷകർക്ക് മുന്നിൽ വയ്ക്കുന്നത്. അപ്പോൾ ആ പണത്തിന്റെ ഉടമ വേഗം വരിക. പാലമ്പടം കവലയിലെ സംസം ഹോട്ടലിന്റെ കൗണ്ടറിൽ നിസാം നിങ്ങളെ കാത്തിരിക്കുന്നു.