വർക്കലയിൽ യുപിഐ ഇടപാടിലൂടെ പണം കൈപ്പറ്റിയ കച്ചവടക്കാരന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

വർക്കല മൈതാനത്ത് ബങ്ക്കട നടത്തുന്ന സി പി രാഹുലന്റെ ബാങ്ക് ഒഫ് ബറോഡ വർക്കല ശാഖയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്.

കഴിഞ്ഞ ഡിസംബറിൽ ഉത്തരേന്ത്യൻ സ്വദേശികളായ രണ്ടുപേർ കടയിൽ നിന്ന് 620 രൂപയ്ക്ക് സാധനങ്ങൾ വാങ്ങിയശേഷം പണം യുപിഐ വഴി അക്കൗണ്ടിലേക്ക് അയയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ അവർ നേരിട്ട് പണം നൽകി സാധനങ്ങൾ കൊണ്ടുപോയി. രണ്ടാഴ്ചയ്‌ക്കുശേഷം അവരെത്തി യുപിഐ ഇടപാടുവഴിയുള്ള പണം കടക്കാരന്റെ അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും നേരിട്ടുതന്ന പണം മടക്കിത്തരാനും ആവശ്യപ്പെട്ടു. തുടർന്ന് രാഹുലൻ ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് തന്റെ പേരിൽ കഴിഞ്ഞ 40 വർഷമായുള്ള അക്കൗണ്ട് മരവിപ്പിച്ചതായി അറിഞ്ഞത്.

യുപി സ്വദേശികളായ രണ്ടുപേരുടെ അക്കൗണ്ടുകൾക്കൊപ്പമാണ് രാഹുലന്റെ അക്കൗണ്ടും മരവിപ്പിച്ചതെന്നാണ് ബാങ്കിൽ നിന്നും ലഭിച്ച വിവരം. സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നിന്ന് പണം സ്വീകരിക്കുകയോ പണം അയക്കുകയോ ചെയ്യുന്നവരുടെ അക്കൗണ്ടുകൾ സ്വാഭാവികമായി മരവിപ്പിക്കപ്പെടുന്ന സംവിധാനം ഇത്തരം കുറ്രകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസികളുടേതായുണ്ടെന്നാണ് വിവരം. എന്നാൽ അക്കൗണ്ട് മരവിപ്പിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ബാങ്ക് അധികൃതർക്ക് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല.