യുവതയെ ഈ രംഗത്തേക്ക് ഒരുക്കാൻ യങ്ങ് ഇൻവെസ്റ്റേഴ്‌സ് പ്രോഗ്രാം ഇൻ ബയോ ടെക്‌നോളജി, ബയോ ടെക്‌നോളജി ഇന്നോവേഷൻ ഇൻ റൂറൽ ഡെവലപ്‌മെന്റ് എന്നിവയെല്ലാം ആവിഷ്‌ക്കരിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. ഇതിന്റെ തുടർച്ചയായിട്ടാണ് തോന്നയ്ക്കലിൽ ബയോ ടെക്‌നോളജി ലാബുകളും സ്ഥാപിച്ചത്. കേരളത്തിന്റെ ആരോഗ്യ, കാർഷിക രംഗത്ത് പുത്തനുണർവേകാൻ ലൈഫ് സയൻസ് പാർക്കിലെ പുതിയ വിപുലീകരണങ്ങൾക്ക് കഴിയും. ഇത്തരം ബഹുമുഖ ഇടപെടലിലൂടെ ലോകത്തിലെ തന്നെ മികച്ച വൈറോളജി ഗവേഷണ കേന്ദ്രമാക്കി ഇതിനെ മാറ്റുക എന്ന ലക്ഷ്യമാണ് സർക്കാരിനു മുന്നിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ പരിപാടിയിൽ ഐ.എ.വി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ സമർപ്പണവും ബി.എസ്.എൽ III ലാബ് സമുച്ചയം, ട്രാൻസ്ജിനിക് അനിമൽ ഫെസിലിറ്റി എന്നിവയുടെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി ഇതോടൊപ്പം നിർവഹിച്ചു. ഐ.എ.വി ഫേസ് 1 ബി കെട്ടിട സമുച്ചയം, ബി.എസ്.എൽ II ലാബുകൾ, ഫേജ് ഡിസ്പ്ലേ സ്‌ക്രീനിങ് ഫെസിലിറ്റി, വൈറൽ ബയോ അസ്സൈ & മെറ്റാ ജീനോമിക്സ് സ്വീകൻസിങ് ഫെസിലിറ്റി തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. കയർ, നിയമം, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനായി. വി.ശശി എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി.
80,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടത്തിന്റെ നിർമാണം കെ.എസ്.ഐ.ഡി.സി പൂർത്തിയാക്കിയത്. കെട്ടിടത്തിൽ 22 ലാബുകളാണ് സജ്ജീകരിക്കുന്നത്. ബയോ സേഫ്റ്റി -രണ്ട് കാറ്റഗറിയിലുള്ള 16 ലാബുകൾ സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനമാണ് നിലവിൽ നടത്തി വരുന്നത്. 16 ലാബുകളിൽ എട്ട് ലാബുകൾ പൂർത്തിയായി. ബാക്കി എട്ട് ലാബുകൾ ഈ സാമ്പത്തിക വർഷത്തോടെ പൂർത്തിയാവും. ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്നോസ്റ്റിക്സ്, വൈറൽ വാക്സിനുകൾ, ആന്റി-വൈറൽ ഡ്രഗ് റിസർച്ച്, വൈറസ് ആപ്ലിക്കേഷനുകൾ, വൈറസ് എപ്പിഡെമിയോളജി, വൈറസ് ജീനോമിക്സ്, ബേസിക് ആൻഡ് ജനറൽ വൈറോളജി മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള ലാബുകളാണ് ഇനി കെട്ടിടത്തിൽ ഒരുങ്ങുന്നത്. കുരങ്ങുപനി ഉൾപ്പടെ എൺപതോളം വൈറൽ രോഗങ്ങൾ തിരിച്ചറിയാൻ കഴിയുന്ന വിപുലമായ മോളിക്യുലാർ ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ ലാബുകളിൽ ഉണ്ടാകും. ബിഎസ്എൽ 3 ലാബുകളുള്ള മറ്റൊരു വിഭാഗത്തിന്റെ നിർമാണവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, ലൈഫ് സയൻസ് പാർക്കിൽ ആരംഭിക്കും. ഈ ലാബുകളിൽ കോവിഡും പേവിഷബാധയും പരിശോധിക്കാൻ കഴിയും വിധം ആധുനിക സൗകര്യങ്ങളാകും ഐ.എ.വി സജ്ജമാക്കുക.