കോവളത്തെ നാലു വയസുകാരന്റെ മരണം ബെെക്ക് റേസിങ്ങിനിടെ; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: കോവളം മുക്കോല പാതയില്‍ പോറോട് പാലത്തിന് സമീപം ബൈക്കിടിച്ച് നാലു വയസുകാരന്‍ മരിച്ചത് റേസിങ്ങിനിടെ. സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് ആഷിക്കിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിനിടയാക്കിയ ബൈക്ക് കഴിഞ്ഞ ദിവസം കോവളം പൊലീസ് കരമനയിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ നിന്നു കസ്റ്റഡിയില്‍ എടുത്തിരുന്നു. കഴിഞ്ഞ 30ന് രാത്രിയാണ് കോവളം ആഴാകുളം പെരുമരം എംഎ വിഹാറില്‍ ഷണ്‍മുഖ സുന്ദരം-അഞ്ജു ദമ്പതികളുടെ ഇളയ മകന്‍ യുവാന്‍ (നാല്) മരിച്ചത്. ഭക്ഷണവും കളിപ്പാട്ടവും വാങ്ങാന്‍ മാതാവിനൊപ്പം പോയി മടങ്ങുമ്പോള്‍ പോറോട് ഭാഗത്തെ ഇരുട്ട് നിറഞ്ഞ പാത മുറിച്ച് കടക്കുമ്പോഴായിരുന്നു യുവാനെ മുഹമ്മദ് ആഷിക് ബൈക്കിടിച്ച് വീഴ്ത്തിയത്. നിര്‍ത്താതെ പോയ ബൈക്കിനായി പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഇടിച്ചിട്ട ബൈക്കിന്റേതെന്ന് കരുതുന്ന ചില ഭാഗങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ നിന്ന് വാഹനം ആഡംബര ബൈക്ക് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. സിസി ടിവിയും ബൈക്ക് ഷോറൂമുകളും സര്‍വീസ് സെന്ററുകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കരമനയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും ബൈക്ക് കസ്റ്റഡിയില്‍ എടുത്തത്.തുടര്‍ന്ന് ശനിയാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അപകടം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പേടി കാരണമാണ് പൊലീസില്‍ കീഴടങ്ങാത്തതെന്ന് മുഹമ്മദ് പറഞ്ഞതായി കോവളം എസ്എച്ച് ഒ എസ്.ബിജോയ് പറഞ്ഞു. യുവാവിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.