ട്രെയിൻ യാത്രയ്ക്ക് തയാറെടുക്കുന്നവർ ഈ വസ്തുക്കൾ കൈയിൽ കരുതരുത്

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫി ട്രെയിനിലെത്തിയത് രണ്ട് കുപ്പി പെട്രോളുമായാണ്. പെട്രോൾ പോലുള്ള വസ്തുക്കൾ ട്രെയിനിൽ നിരോധിതമാണെന്ന് അപ്പോൾ തീവണ്ടിയിലുണ്ടായിരുന്ന പല യാത്രക്കാർക്കും അറിയില്ലായിരുന്നു. സ്വകാര്യ ആവശ്യത്തിന് വേണ്ടി പെട്രോളുമായി ആരോ കയറിയതായാണ് ഷാരൂഖിനെ ആദ്യ ഘട്ടത്തിൽ അവർ കണക്കാക്കിയത്. എന്നാൽ വളരെ പെട്ടെന്നാണ് ഷാരൂഖ് ഈ പെട്രോൾ കുപ്പി തുറന്ന് ട്രെയിനിൽ തീവച്ചത്. പെട്രോൾ മാത്രമല്ല, മറ്റ് ചില വസ്തുക്കളും ട്രെയിൻ യാത്രയ്ക്കിടെ നിരോധിച്ചിട്ടുണ്ട്. ട്രെയിൻ യാത്രയിൽ കൈയിൽ കരുതാൻ പാടില്ലാത്ത വസ്തുക്കളിൽ ആദ്യ സ്ഥാനം ദുർഗന്ധം വമിക്കുന്ന വസ്തുക്കൾക്കാണ്. ഇവ ട്രെയിൻ യാത്രയിൽ കൈയിൽ കരുതാൻ പാടില്ല. പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള പെട്രോൾ പോലുള്ള ഇന്ധനങ്ങൾ, മണ്ണെണ്ണ, പടക്കം മുതലായ പൊട്ടിത്തെറിക്കാൻ ഇടയുള്ള ഒന്നും ട്രെയിൻ യാത്രയിൽ കൈയിൽ കരുതരുത്.കാലിയായ ഗ്യാസ് സിലിണ്ടറും യാത്രയിൽ കൊണ്ടുപോകാൻ പാടില്ല. എന്നാൽ സുഖമില്ലാത്ത രോഗികൾക്കൊപ്പം ഓക്‌സിജൻ സിലിണ്ടർ കൊണ്ടുപോകുന്നതിൽ വിലക്കില്ല. ചത്ത കോഴി, താറാവ് പോലുള്ള വസ്തുക്കൾ നിരോധിതമാണ്. ആസിഡ്, ദ്രവിപ്പിക്കുന്ന വസ്തുക്കൾ എന്നിവയും കൈയിൽ കരുതാൻ പാടില്ല.റെയിൽവേയുടെ നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ട വസ്തുക്കൾ യാത്രയ്ക്കിടെ കൈയിൽ കരുതുന്ന യാത്രക്കാരന് റെയിൽവേ ആക്ട് സെക്ഷൻ 164 പ്രകാരം ആയിരം രൂപ വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിച്ചേക്കാം.