ഇന്ത്യകണ്ട ഏറ്റവും ദീർഘദർശിയായ വിപ്ലവകാരി; ഇന്ന് ബി.ആർ അംബേദ്കകറുടെ ജന്മവാർഷികം

ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഡോക്ടർ ബി.ആർ അംബേദ്കറുടെ നൂറ്റി മുപ്പത്തി രണ്ടാം ജന്മവാർഷികദിനമാണിന്ന്. ജാതിവിവേചനത്തിനെതിരെ പോരാടാൻ ജീവിതം ഉഴിഞ്ഞുവച്ച നേതാവാണ് അംബേദ്കർ. ഇന്ത്യ കണ്ട എക്കാലത്തെയും ദീർഘദർശിയായ സാമൂഹികവിപ്ലവകാരിയാണ് ഡോ.ബി ആർ അംബേദ്കർ.1891 ഏപ്രിൽ 14ന് മധ്യപ്രദേശിലാണ് അംബേദ്കറുടെ ജനനം. സാമൂഹിക പരിഷ്കർത്താവ്, നിയമ വിശാരദൻ, വിദ്യാഭ്യാസ – സാമ്പത്തിക വിദഗ്ധൻ തുടങ്ങി എല്ലാ മേഖലകളിലും മികവു തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു അംബേദ്കർ. ദളിത് കുടുംബത്തിൽ നിന്നും കഷ്ടപ്പാടുകളെ അതിജീവിച്ച് പിന്നീട് ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ പ്രതിഭാശാലിയാൻ അദ്ദേഹം.

1926 -ൽ ബോംബെ ലജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. ദളിത് സമുദായത്തിനായി ശബ്ദമുയർത്താൻ ബഹിഷ്കൃത ഭാരതം എന്ന പത്രം ആരംഭിച്ചു. പൊതുജല സംഭരണിയിൽ നിന്ന് ദളിതർക്ക് വെള്ളമെടുക്കാനുള്ള അവകാശത്തിനായി നടത്തിയ സമരം മഹദ് സത്യാഗ്രഹം എന്നറിയപ്പെടുന്നു. 1936 -ൽ മുതലാളിത്തവ്യവസ്ഥിതിക്കെതിരായി പോരാടാൻ ഇൻഡിപെൻഡൻഡ് ലേബർ പാർട്ടി സ്ഥാപിച്ചു.സ്വതന്ത്രഭാരതത്തിലെ ആദ്യ നിയമ മന്ത്രിയായി. ഭരണഘടനാ കമ്മിറ്റിയുടെ ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു. 1952 -ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലെത്തി.
രാഷ്ട്രനന്മയ്ക്കായി നിരന്തരം യത്നിച്ച അംബേദ്കർ സാമൂഹികഅസമത്വങ്ങളോട് സന്ധിയില്ലാസമരം ചെയ്തു.1956 ഡിസംബർ ആറിന് ഇന്ത്യ കണ്ട എക്കാലത്തെയും ദീർഘ ദർശിയായ ആ സാമൂഹിക വിപ്ലവകാരി വിട പറഞ്ഞു. 1990ൽ പരമോന്നത ബഹുമതിയായ ഭാരതരത്ന മരണാനന്തരം ഡോ.അംബേദ്ക്കറിന് രാഷ്ട്രം സമ്മാനിച്ചു.