ഹരിത നെയ്യാറ്റിൻകര പ്രഖ്യാപനത്തിന് ഒരുങ്ങി മണ്ഡലം

മാലിന്യ ശേഖരണത്തിൽ കൃത്യത ഉറപ്പാക്കി നെയ്യാറ്റിൻകര മണ്ഡലം ഹരിതമാകാനുള്ള തയാറെടുപ്പിലാണ്. നവംബർ ഒന്നിന് ഹരിത നെയ്യാറ്റിൻകര പ്രഖ്യാപനത്തിനായി കതോർക്കുകയാണ് മണ്ഡലത്തിലെ ജനങ്ങൾ. കെ.ആൻസലൻ എം.എൽഎയുടെ നേതൃത്വത്തിൽ ജനുവരി മുതൽ നടന്ന ചിട്ടയായ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ഹരിതകർമ്മ സേനയുടെ സഹായത്തോടെ നടത്തിയ മാലിന്യശേഖരണം ഇപ്പോൾ രണ്ടാംഘട്ടത്തിലേക്ക് കടന്നു. 

അതിയന്നൂർ, തിരുപുറം, കാരോട്, കുളത്തൂർ, ചെങ്കൽ തുടങ്ങിയ അഞ്ചു ഗ്രാമപഞ്ചായത്തുകളുടെയും, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെയും, അതിയന്നൂർ, പാറശാല ബ്ലോക്ക് പഞ്ചായത്തുകളുടെയും സഹകരണത്തോടെ ആദ്യഘട്ടത്തിൽ മണ്ഡലത്തിൽ നിന്നും നീക്കം ചെയ്തത് 30 ടൺ മാലിന്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെ ബഹുജന പങ്കാളിത്തം ഉറപ്പാക്കിയാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. 

ഇതിന്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളും പ്രത്യേക ക്യാമ്പയിൻ നടത്തി. ഉപയോഗശൂന്യമായ ചെരിപ്പ്, ബാഗ്, തുണി, ഗ്ലാസ്, ഇ-വേസ്റ്റ്, ബൾബ്, ട്യൂബ് ലൈറ്റ് എന്നിവ ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ, സമയക്രമം പാലിച്ചാണ് ശേഖരിച്ചത്. കളക്ഷൻ സെന്ററുകൾ ഇതിനായി സജ്ജീകരിച്ചിരുന്നു. ആദ്യ ആഴ്ചയിൽ ചെരുപ്പ്, ബാഗ്, തെർമോക്കോൾ എന്നിവയും രണ്ടാമത്തെ ആഴ്ച പാഴ് തുണികളും മൂന്നാമത്തെ ആഴ്ച ചില്ലു മാലിന്യങ്ങളുമാണ് ശേഖരിച്ചത്. അവസാനഘട്ടമായ നാലാമത്തെ ആഴ്ച ഇ-വേസ്റ്റാണ് ശേഖരിച്ചത്.