കരവാരം ഗ്രാമപഞ്ചായത്തിലുള്ള തോട്ടയ്ക്കാട് ജംഗ്ഷനിലെ അടച്ചുപൂട്ടിയ പബ്ലിക്ക്മാർക്കറ്റ് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ പഞ്ചായത്ത് ഭരണ സമിതി തയാറാകണമെന്ന് കോൺഗ്രസ്. വർഷങ്ങളായി കരവാരം ഗ്രാമ പഞ്ചായത്തിലെ തോട്ടയ്ക്കാട് ജംഗ്ഷനിൽ പ്രവർത്തിച്ചുവന്നിരുന്ന പബ്ലിക്ക് മാർക്കറ്റാണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാന പ്രകാരം അടച്ചുപൂട്ടിയത്. ചന്തയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ലേല നടപടികളുടെ ഭാഗമായിട്ടുള്ള പിരിവുമായി ബന്ധപെട്ട തർക്കങ്ങളാണ് ഇപ്പോൾ മാർക്കറ്റ് അടച്ചു പൂട്ടന്ന നിലയിൽ എത്തി നിൽക്കുന്നത്. എല്ലാ ദിവസങ്ങളിലും ചന്ത പ്രവർത്തനം നടത്തി വന്നിരുന്നെങ്കിലും, കച്ചവട പ്രാധാന്യമുള്ള ബുധൻ, ശനി ദിവസങ്ങളിൽ മാത്രമാണ് ചന്ത ആരംഭിച്ച കാലം മുതൽ കച്ചവടക്കാരിൽ നിന്നുള്ള ചന്ത പിരിവ് ഈടാക്കിയിരുന്നത്.എന്നാൽ ഇപ്പോൾ ദിവസവും പിരിവ് വേണമെന്ന ആവശ്യമാണ് പഞ്ചായത്ത് ഭരണ സമിതി സ്വീകരിച്ചത്.ഇതിനെ കച്ചവടക്കാരും, നാട്ടുകാരും എതിർത്തിരുന്നു.പ്രാദേശികളായ ജനങ്ങൾക്കും, കർഷകർക്കും, വ്യാപാരികൾക്കും ഏറെ സൗകര്യപ്രദമായിരുന്ന തോട്ടയ്ക്കാട് ജംഗ്ഷനിലെ പബ്ലിക്ക് മാർക്കറ്റ് അടച്ചു പൂട്ടിയതിൽ പൊതുജനങ്ങൾ വളരെയേറെ പ്രതിഷേധത്തിലാണ്.മാർക്കറ്റ് അടിയന്തരമായി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ പഞ്ചായത്ത് ഭരണ സമിതി തയാറാകണമെന്നും അല്ലാത്ത പക്ഷം വരും ദിവസങ്ങളിൽ കോൺഗ്രസിന്റെ നേതൃ ത്വത്തിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും കോൺഗ്രസ് തോട്ടയ്ക്കാട് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു...