വർക്കലയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം : വർക്കലയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആറ്റിങ്ങൽ സ്വദേശിയായ പതിനേഴുകാരിക്ക് നേരെ അതിക്രമം നടത്തിയെന് പരാതിയിൽ പുത്തൻചന്ത സ്വദേശി പി.സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. ശനിയാഴ്ചയാണ് ചെവി വേദനയ്ക്ക് ചികിത്സ തേടിയെത്തിയ പെൺകുട്ടിയോട് ഡ‍ോക്ടറുടെ ലൈംഗികാതിക്രമമുണ്ടായത്. വർക്കല പുത്തൻചന്തയിലെ വീടിനോട് ചേർന്ന് ചികിത്സ നടത്തുന്ന ഡോക്ടർ.പി.സുരേഷ് കുമാറിനെതിരെയാണ് പരാതി. ആറ്റിങ്ങൽ സ്വദേശിനിയായ പെൺകുട്ടി അമ്മയോടൊപ്പമാണ് ചികിത്സയ്ക്കെത്തിയത്. ചെവിക്കകത്തുള്ള പരിശോധനയെന്ന പേരിൽ പെൺകുട്ടിയെ ഒറ്റയ്ക്ക് വിളിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഡോക്ടര്‍ സ്പര്‍ശിച്ചെന്ന പരാതിയിൽ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. വീട്ടിലെത്തിയ ശേഷമാണ് ഡോക്ടര്‍ മോശമായി പെരുമാറിയ വിവരം പെൺകുട്ടി അമ്മയോട് പറയുന്നത്. തൊട്ടടുത്ത ദിവസം പെൺകുട്ടി വര്‍ക്കല സ്റ്റേഷനിലെത്തി പരാതി നൽകി. കേസെടുത്ത് നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് പ്രതിഷേധമുണ്ട്.