അസാപ് സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന നൂതന തൊഴിൽ പരിശീലന കേന്ദ്രങ്ങളാണ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ. ലോകോത്തരനിലവാരത്തിലുള്ള സൗകര്യങ്ങളോടെ മൂന്നു നിലകളിലായി 27,002.03 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് നിർമിച്ചിരിക്കുന്നത്. 17,720 ചതുരശ്ര അടി വിസ്തീർണത്തിൽ നാല് നിലകളിലായിട്ടാണ് അസാപ് കേരളയുടെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് പണിതത്. അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിനും അസാപ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനുമായി ഇരുപത്തിയാറു കോടി രൂപയാണ് ചെലവായത്.
നൂതനമായ പ്രീ-ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്‌കിൽ പാർക്ക് നിർമിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ, ലാബുകൾ, വിദ്യാർത്ഥികൾക്കായി പ്രാദേശിക സൗകര്യങ്ങളോടുകൂടിയ ചെയ്ഞ്ചിംഗ് മുറികൾ, മീറ്റിംഗ് റൂമുകൾ, പ്രത്യേക സെർവർ റൂമോട് കൂടിയ ഐടി ലാബ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. അതിനൂതന സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ AR/VR ലാബുകളും കഴക്കൂട്ടം സ്‌കിൽ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമാണ് സ്‌കിൽ പാർക്. ലിഫ്റ്റ്, ഭിന്നശേഷിക്കാർക്കായി പ്രത്യേക ടോയ്‌ലെറ്റ് സൗകര്യം, കാഴ്ച പരിമിതർക്കായുള്ള പ്രത്യേക ടൈലുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 50,000 ലിറ്ററിന് മുകളിൽ ശേഷിയുള്ള മഴവെള്ള സംഭരണിയും മഴവെള്ളം പുനരുപയോഗിക്കാൻ ഫിൽട്ടർ സംവിധാനവും സ്‌കിൽ പാർക്കിലെ പ്രത്യേകതകളാണ്.
ഐടി- ഐടി ഇതര സേവനങ്ങൾ, പവർ ആൻഡ് എനർജി മാനേജ്‌മെന്റ്, പ്ലാസ്റ്റിക് ടെക്‌നോളജി, ഏവിയേഷൻ, ഓട്ടോമൊബൈൽ ടെക്‌നോളജി തുടങ്ങി 33 നൈപുണ്യവികസന കോഴ്‌സുകൾ വിവിധ സ്‌കിൽ പാർക്കുകളിലൂടെ അസാപ് നൽകുന്നു. സംസ്ഥാനത്തൊട്ടാകെ 16 സ്‌കിൽ പാർക്കുകൾ നിർമിക്കാനാണ് അസാപ് ലക്ഷ്യമിടുന്നത്.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു.