വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പ്രതികള്‍ പോലീസ് പിടിയിലായി. കൊല്ലം, തടിക്കാട്, ഏറം ആയില്യം വീട്ടില്‍, ശ്രീധരന്‍പിളള മകന്‍ രാധാകൃഷ്ണപിള്ള(59), തിരുവനന്തപുരം, പാലോട്, എക്‌സ് സര്‍വ്വീസ് കോളനി ബിന്ദു ഭവനില്‍ കുഞ്ഞുകൃഷ്ണന്‍ മകന്‍ സുകുമാരന്‍(61) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ജോലി വാഗ്ദാനം ചെയ്യ്ത് ആദിനാട് സ്വദേശിയായ യുവതിയില്‍ നിന്നും എട്ടേകാല്‍ ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. വിദേശത്ത് ജോലി അന്വേഷിക്കുന്നതിനിടയില്‍, റൊമാനിയയില്‍ ഒരു ലക്ഷം രൂപ മാസ ശമ്പളം ഉള്ള ജോലി വാങ്ങി നല്‍കാമെന്ന് മോഹിപ്പിച്ച് പ്രതികള്‍ യുവതിയെ വലയിലാക്കുകയായിരുന്നു. പണം നല്‍കിയാല്‍ ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇവരില്‍ നിന്ന് പലപ്പോഴായി എട്ടേകാല്‍ ലക്ഷം രൂപ കൈപറ്റിയിരുന്നു. യുവതി കരുനാഗപ്പളളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പുതിയതായി ഓഫീസ് തുറന്നെന്ന് മനസ്സിലാക്കി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണര്‍ വി.എസ് പ്രദീപ് കൂമാറിന്റെ നിര്‍ദ്ദേശാനുസരണം കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, ഷാജിമോന്‍, സജി, സി.പി.ഒ ഹാഷിം, ബഷീര്‍ഖാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.