പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റില്‍

ആലപ്പുഴ മാവേലിക്കരയില്‍ പന്ത്രണ്ടു വയസുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കൊല്ലം മരുതൂര്‍കുളങ്ങര മങ്ങാട്ട് തെക്കേ വീട്ടില്‍ സുകു ഭവാനന്ദന്‍ ആണ് അറസ്റ്റിലായത്. ശരീരമാകെ മുറിവേറ്റ നിലയില്‍ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തലയിലും മുഖത്തും ഗുരുതര പരിക്കുണ്ട്.പല്ലാരിമംഗലത്തു വാടകയ്ക്കു താമസിക്കുകയാണ് കുടുംബം. സുകു ഇളയമകനെ ക്രൂരമായി മര്‍ദിക്കുന്നതായി അയല്‍വാസികളാണ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ തനിയെ വീണ് പരിക്കേറ്റു എന്നായിരുന്നു കുട്ടിയുടെ മൊഴി. പിന്നീട് കുട്ടിക്ക് ക്രൂര മര്‍ദനമേറ്റെന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതോടെയാണ് സുകുവിനെ കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയുടെ അമ്മ സുകുവിന്റെ മര്‍ദനം കാരണം കഴിഞ്ഞദിവസം സ്വന്തം വീട്ടിലേക്കു പോയിരുന്നു. ചവറ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലും പ്രതിയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സുകു.