യുഎഇയിൽ ആയിരം ദിർഹത്തിന്റെ നോട്ട് ഇന്ന് മുതൽ

യുഎഇയുടെ 1000 ദിർഹത്തിന്റെ പുതിയ നോട്ട് ഇന്ന് മുതൽ നിലവിൽ വരും. ശാസ്ത്രരംഗത്ത് അടക്കം യുഎഇ കൈവരിച്ച നേട്ടങ്ങൾ സൂചിപ്പിക്കുന്ന ചിത്രങ്ങളോടെയാണ് നോട്ടുകൾ പുറത്തിറക്കിയത്. പോളിമർ മെറ്റീരിയലുകൊണ്ടാണ് പുതിയ നോട്ട് നിർമിച്ചിരിക്കുന്നത്.രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രത്തിനൊപ്പം ആണവോർജ നിലയവും ബഹിരാകാശ ഗവേഷണവും ഉൾപ്പെടെയുള്ള സമീപകാലത്തെ നേട്ടങ്ങളാണ് ഇത്തരത്തിൽ നോട്ടിൽ ഇടം പിടിച്ചിരിക്കുന്നത്. അന്തരിച്ച സുൽത്താൻ അൽ നഹ്യാന്റെ ചിത്രവും പുതിയ ആയിരം ദിർഹത്തിന്റെ നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്.

കാഴ്ച്ച പരിമിതർക്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്ന വിധം ബ്രെയിൻ ലിപി നോട്ടിൽ ചേർത്തിട്ടുണ്ട്. ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും പുതിയ നോട്ടുകൾ നാളെ മുതൽ ലഭ്യമായി തുടങ്ങും. യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് പുതിയ നോട്ടുകൾ രാജ്യം പുറത്തിറക്കിയത്.