ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ തീകൊളുത്തി. അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു. D1 കോച്ചില്‍ വച്ച് യാത്രക്കാരന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കോഴിക്കോട് എലത്തൂരില്‍വച്ചാണ് സംഭവമുണ്ടായത്. യാത്രക്കാര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ട്രെയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ പരുക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പൊലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിലാണ് പൊലീസ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിയത്. ഗുരുതരമായി പരുക്കേറ്റ പ്രിന്‍സ് എന്ന യാത്രക്കാരന്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തലശേരി നായനാര്‍ റോഡ് സ്വദേശി അനില്‍കുമാര്‍, ഭാര്യ സജിഷ, മകന്‍ അദ്വൈത് എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തളിപ്പറമ്പ് സ്വദേശി റൂബി, തൃശൂര്‍ സ്വദേശി അശ്വതി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തീപടര്‍ന്ന കമ്പാര്‍ട്ട്‌മെന്റ് പാലത്തിന് മുകളിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. ഇയാള്‍ രക്ഷപെട്ടുവെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ നല്‍കുന്ന വിവരം. തീപടര്‍ന്നെങ്കിലും രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടത്തിയതോടെ വന്‍ ദുരന്തമാണ് ഒഴിവായത്.