മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിലെ റിവ്യൂ ഹർജി ലോകായുക്ത നാളെ പരിഗണിക്കും. കേസിൽ ഭിന്നവിധി പറഞ്ഞ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഫുൾ ബെഞ്ച് കേസ് മറ്റന്നാൾ പരിഗണിക്കും.വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടര്‍ന്ന് പരാതിക്കാന്‍ ആര്‍.എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ 16 ന് മുന്‍പ് കേസ് പരിഗണിക്കണമെന്ന നിര്‍ദേശം ഹൈക്കോടതി നല്‍കിയതോടെ മാര്‍ച്ച് 31ന് ലോകായുക്ത വിധി പറയാന്‍ തീരുമാനിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ റഷീദും ഉൾപ്പെട്ട ബെഞ്ച് ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ പുനപ്പരിശോധനാ ഹരജി നല്‍കി. ഇതാണ് ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കുന്നത്.എൻ.സി.പി നേതാവായിരുന്ന ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചു, അന്തരിച്ച ചെങ്ങന്നൂർ എം.എൽ.എ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം രൂപ നല്‍കി, സി.പി.ഐ.എം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപ അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കാട്ടിയാണ് ആര്‍.എസ് ശശികുമാര്‍ ലോകായുക്തയെ സമീപിച്ചത്. ഇതില്‍ വിശദമായി വാദം 2022 മാർച്ച് 18ന് പൂർത്തിയായിരുന്നു.