മെട്രോ ട്രെയിനിന് പിന്നാലെ വാട്ടര്‍ മെട്രോയിലും നിറ സാന്നിദ്ധ്യമായി കുടുംബശ്രീ

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി പ്രവര്‍ത്തനമാരംഭിച്ച കൊച്ചി മെട്രോ റെയില്‍ സര്‍വീസിന് പിന്നാലെ കേരളത്തിലെ ആദ്യ വാട്ടര്‍ മെട്രോയായിലും നിറ സാന്നിധ്യമായി തീര്‍ന്നിരിക്കുന്നു കുടുംബശ്രീ. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടര്‍ മെട്രോയില്‍ മുപ്പത് കുടുംബശ്രീ അംഗങ്ങളാണ് ടിക്കറ്റിങ്, ഹൗസ് കീപ്പിങ് ജോലിയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. 

  കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും അതുവഴി സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വളര്‍ത്തുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ച കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊലൂഷന്‍സ് (കിബ്‌സ്) സൊസൈറ്റിയാണ് ഇവര്‍ക്ക് വാട്ടര്‍ മെട്രോയില്‍ വിവിധ സേവനങ്ങളേകാന്‍ അവസരം ലഭിച്ചത്. 18 പേര്‍ ടിക്കറ്റിങ് ജോലിക്കും 12 പേര്‍ ഹൗസ് കീപ്പിങ് ജോലിക്കും. കൊച്ചി ഈസ്റ്റ്, സൗത്ത്, മുളവുകാട്, എളംകുന്നപ്പുഴ എന്നീ സി.ഡി.എസുകളിലെ വിവിധ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളാണിവര്‍. 

  സ്വകാര്യ/സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തവും സംരംഭകത്വവും വളര്‍ത്തുന്നതിനും അതുവഴി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവുമാണ് കിബ്സ് സൊസൈറ്റിയുടെ ലക്ഷ്യം. സംസ്ഥാനത്തെ സേവന മേഖലയിലെ പ്രധാന പങ്കാളിയാകാനുള്ള ശ്രമത്തിലാ ണ് കിബ്സ് സൊസൈറ്റി. 2022ല്‍ രൂപീകൃതമായ സൊസൈറ്റിയിലൂടെ വൈറ്റില മൊബിലിറ്റി ഹബ്, വ്യവസായ വകുപ്പ്, കില തുടങ്ങിയ വിവിധ ഇടങ്ങളിലായി 262 പേര്‍ക്ക് ഇതിനകം തൊഴില്‍ ലഭിച്ചു കഴിഞ്ഞു. 

  മെട്രോ റെയിലിന് പിന്നാലെ വാട്ടര്‍ മെട്രോയിലും കുടുംബശ്രീ സാന്നിധ്യമറിയിച്ച ഏവര്‍ക്കും കിബ്സ് സൊസൈറ്റിക്കും വിജയാശംസകള്‍ നേരട്ടെ!

#Kudumbashree #KIBS #WaterMetro #kochi #kerala