താലൂക്ക്തല അദാലത്ത്: ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രചാരണം ഊർജ്ജിതമാക്കും

സംസ്ഥാന സർക്കാർ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകളിലേക്കായി പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രചാരണം ശക്തമാക്കും. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആൻറണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ജില്ലയിലെ ജനപ്രതിനിധികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിൽ മെയ് 2 മുതൽ 11 വരെ നടക്കുന്ന അദാലത്തിലേക്ക് പൊതുജനങ്ങൾക്ക് പരാതികൾ നൽകാൻ ഏപ്രിൽ 15 വരെയാണ് അവസരം. ആകെ 1447 പരാതികളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്. കൂടുതൽ പരാതികൾ സ്വീകരിക്കുന്നതിന് പൊതുജനങ്ങൾക്കിടയിൽ തദ്ദേശസ്ഥാപനങ്ങൾ വഴി പ്രചാരണം ശക്തമാക്കണമെന്ന് മന്ത്രിമാർ നിർദ്ദേശിച്ചു. പഞ്ചായത്ത്, ബ്ലോക്ക്, കോർപ്പറേഷൻ തലങ്ങളിൽ മൈക്ക് അനൗൺസ്മെൻറ് കളിലൂടെ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുക, എല്ലാ വാർഡുകളിലും അദാലത്തിന്റെ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുക, കുടുംബശ്രീ യൂണിറ്റുകൾ വഴി കൂടുതൽ പ്രചാരണം നടത്തുക തുടങ്ങിയ നിർദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ജനപ്രതിനിധികളോടായി പങ്കുവെച്ചു. അദാലത്ത് തീയതികൾക്ക് മുൻപായി താലൂക്ക് തല സംഘാടക സമിതികൾ വീണ്ടും യോഗം ചേരും. ഇതുവരെ ലഭിച്ച പരാതികളിൽ ഭൂമിയുമായി ബന്ധപ്പെട്ടവയാണ് കൂടുതൽ- 525. ക്ഷേമ പദ്ധതികളിൽ 229, കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് 122, റേഷൻ കാർഡുമായി ബന്ധപ്പെട്ട് 116 എന്നിങ്ങനെയാണ് മറ്റു പരാതികൾ. 

ജില്ലാ പഞ്ചായത്ത് ഇഎംഎസ് ഹാളിൽ നടന്ന യോഗത്തിൽ മന്ത്രിമാരെ കൂടാതെ എംഎൽഎമാരായ കെ ആൻസലൻ, വി ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ് കുമാർ, വിവിധ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, മറ്റു ജനപ്രതിനിധികൾ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എഡിഎം, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു