കൊല്ലത്ത് ഉത്സത്തിനെത്തിയ യുവാവിന്‍റെ ചെവി ലാത്തികൊണ്ട് അടിച്ചുതകർത്തു; പൊലീസിനെതിരെ പരാതി

നെടുമ്പന: കൊല്ലത്ത് ക്ഷേത്രോത്സവത്തിനെത്തിയ യുവാവിന്‍റെ ചെവി പോലീസ് ലാത്തി കൊണ്ട് അടിച്ചു തകർത്തെന്ന് പരാതി. സാരമായി പരിക്കേറ്റ നെടുമ്പന സ്വദേശി അതുൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കണ്ണനെല്ലൂര്‍ പൊലീസിനെതിരെയാണ് ആരോപണം. അതേസമയം ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽപ്പെട്ടവരെ പിരിച്ചുവിടുകയാണ് ചെയ്തതെന്നും മറ്റാരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് കണ്ണനെല്ലൂർ പോലീസിന്റെ വിശദീകരണം.
നെടുമ്പന മരുതൂർ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഉത്സവത്തിനെത്തിയവര്‍ തമ്മിലടിച്ചതോടെ പൊലീസ് ലാത്തി വീശി. ഇതിനിടയിൽ സംഘര്‍ഷത്തിൽ ഇല്ലാതിരുന്ന യുവാവിനേയും ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. അതുലിന്റെ ചെവിക്ക് ലാത്തിയടിയേറ്റു. ചെവിയിൽ നിന്നും ചോര വന്നതോടെ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
  
ഉത്സവം കാണാനെത്തിയ നിരവധി പേരെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചതായും പരാതിയുണ്ട്. എന്നാൽ ആരോപണങ്ങളെല്ലാം കണ്ണനല്ലൂർ പൊലീസ് തള്ളി. ഇരു ചേരികളായി തിരിഞ്ഞു വലിയ സംഘര്‍ഷമാണ് ഉത്സവത്തിനിടയുണ്ടായിതെന്നും ഇത് തടയാൻ മാത്രമാണ് ശ്രമിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം. അക്രമം ഉണ്ടാക്കിയവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കണ്ണനല്ലൂർ പൊലീസ് അറിയിച്ചു.