പ്രകൃതിയൊരുക്കിയ താവയ്ക്കൽ കടവ്. വർഷംതോറും കർക്കടക വാവിന് ബലിയിടാൻ
ആയിരങ്ങളാണ് ഇവിടെയെത്തുന്നത്.
.
വേനൽക്കാലത്ത് കുളിക്കാനെത്തുന്നവരുടെ എണ്ണവും കുറവല്ല. പൊന്മുടിയിലേക്കുള്ള സന്ദർശകരും കടവിന്റെ ഭംഗി ആസ്വദിക്കാനെത്താറുണ്ട്.
പക്ഷേ,
വാമനപുരം ആറ്റിലെ നീരൊഴുക്കിന്റെ അപ്രവചനീയത ഈ കടവിനുമുണ്ട്. അടിയിലെ
വെള്ളാരം കല്ലുകൾ തെളിഞ്ഞുകാണുന്ന ആഴം തോന്നാത്ത തെളിനീരാണ്
താവയ്ക്കലിലേത്.
കഴിഞ്ഞ ദിവസം
കുളിക്കാനിറങ്ങി മുങ്ങിമരിച്ച വെഞ്ഞാറമൂട് സ്വദേശി വിനേഷ് എന്ന യുവാവാണ്
ഇവിടെ അപകടത്തിൽപ്പെട്ട ഒടുവിലത്തെ ആൾ. കുളിക്കുന്നതിനിടെ
കയത്തിൽപ്പെടുകയായിരുന്നു വിനേഷ്. 2021 നവംബർ ഏഴിന് ചുള്ളിമാനൂർ സ്വദേശിയായ
ഇരുപതുകാരൻ കുളിക്കാനിറങ്ങുന്നതിനിടെ വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തെ
പാറയിൽനിന്ന് കാൽ വഴുതി കയത്തിൽ വീണു മരിച്ചിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങൾ
നടത്തിയ പരിശോധനയിൽ വീണസ്ഥലത്തു നിന്ന് 25 മീറ്റർ മാറിയാണ് ഇയാളെ
കണ്ടെത്തിയത്.
മുങ്ങിമരണങ്ങൾ പതിവാകുമ്പോഴും താവയ്ക്കലിൽ സുരക്ഷയൊരുക്കാൻ നടപടിയില്ല.
കടവ് സംരക്ഷിക്കണമെന്ന ആവശ്യവും അധികൃതർ കേൾക്കാത്ത മട്ടാണ്. മുന്നൂറു
മീറ്റർ മാറി മാത്രമേ ആൾതാമസമുള്ളൂ എന്നതിനാൽ കടവും പരിസരവും വിജനമാണ്.
മദ്യപ, ലഹരി സംഘങ്ങൾക്ക്
പലപ്പോഴും ഇത് അനുകൂല സാഹചര്യമാകുന്നു. ഈയിടെയായി പോലീസ് പരിശോധന സജീവമായത്
ഒരു പരിധിവരെ പരിഹാരമാകുന്നുണ്ട്. എങ്കിലും സുരക്ഷാ ബോർഡുകൾ
സ്ഥാപിക്കാത്തത് അപകടം ക്ഷണിച്ചു വരുത്തുന്നു. അടിയന്തരമായി ഇവിടെ അപക ട
മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുമെന്ന് വാർഡംഗം ഷാജിതാ അൻഷാദ് പറഞ്ഞു.