പിഎൻജിയുടെയും സിഎൻജിയുടെയും വില നിർണയത്തിനുള്ള വിദഗ്ധ സമിതി ശുപാർശകൾ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇനി ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി പ്രകൃതി വാതക വില നിശ്ചയിക്കാനാണ് തീരുമാനം..രാജ്യത്തെ ക്രൂഡ് ഓയിൽ ബാസ്ക്കറ്റിന്റെ പ്രതിമാസ ശരാശരിയുടെ പത്തു ശതമാനമായിരിക്കും പ്രകൃതിവാതക വില. ആറുമാസത്തിന് പകരം ഓരോ മാസവും വില നിർണയിക്കാനാണ് തീരുമാനം. പുതിയ വില നിർണയ രീതി ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും.
അടിസ്ഥാന വില 4 ഡോളറും മേൽത്തട്ട് വില 6.5 ഡോളറുമായിരിക്കും. പുതിയ ബഹിരാകാശ നയത്തിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. പൊതു, സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യം നൽകുന്ന തരത്തിലാണ് പുതിയ ബഹിരാകാശ നയം.