തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിനും സാംസ്കാരിക സംഗമത്തിനും തുടക്കമായി.

തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിനും സാംസ്കാരിക സംഗമത്തിനും തുടക്കമായി. കൈത്തറിയുമായി ബന്ധമുള്ള 'റാട്ട് 2023' എന്ന് പേരിട്ടിരിക്കുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. സ്ത്രീകൾക്കിടയിൽ വായന പ്രചരിപ്പിക്കാനുള്ള പുതിയ പദ്ധതികൾ ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സ്ത്രീകളുടെ ജനാധിപത്യ- സാംസ്കാരിക ബോധം വികസിപ്പിക്കാൻ സഹായിക്കും. കൂടാതെ വായനയെ ജനകീയമാക്കാനുള്ള നൂതന പദ്ധതികൾ മറ്റു തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിക്കുവാൻ ജില്ലാ പഞ്ചായത്ത് മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. 

 ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ട് വിവിധതരം പദ്ധതികൾ വ്യാപിപ്പിക്കേണ്ട കാലമാണിതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇത്തരത്തിൽ ജില്ലാ പഞ്ചായത്ത് ശ്രദ്ധേയമായ ഇടപെടലാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപെട്ടു.

 ഏപ്രിൽ 30 വരെ ബാലരാമപുരം ഹയർ സെക്കൻഡറി സ്കൂളിലാണ് റാട്ട് ഫെസ്റ്റിവൽ നടക്കുക. പ്രമുഖ പ്രസാധകരുടെ പുസ്തക സ്റ്റാളുകൾ, കുടുംബശ്രീ വിപണനമേള, കാർണിവൽ, സാംസ്കാരിക പരിപാടികൾ, മെഗാക്വിസ്, സർഗാത്മക - സാഹിത്യ ശില്പശാലകൾ, മെഡിക്കൽ എക്സിബിഷൻ, പുസ്തക പ്രകാശനങ്ങൾ, വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ശാസ്ത്ര സാഹിത്യ സംവാദങ്ങൾ തുടങ്ങിയവ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

ചടങ്ങിൽ നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജ് മോഹനൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡി സുരേഷ് കുമാർ, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.