ഞങ്ങൾ ഗുണ്ടകളാണെന്ന് അവർക്ക് മനസ്സിലായില്ല, ഇടിയോടിടിയായിരുന്നു’; ചോദ്യം ചെയ്യാൻ നിന്ന പൊലീസുകാർക്കും ചിരി

പോത്തൻകോട് ∙ ‘ ഞങ്ങൾ ഗുണ്ടകളാണെന്ന് അവർക്ക് മനസിലായില്ല. 
ഇടിയോടിടിയായിരുന്നു ’. ചോദ്യം ചെയ്യവെ പ്രതി അഷ്റഫ് പൊലീസിനോടു പറഞ്ഞു. 
‘അടിയുടെ പെരുമഴയായിരുന്നു. കൈയ്യിൽ കിട്ടിയ പട്ടീൽ കഷ്ണം കൊണ്ടൊക്കെയാണ് 
പെരുമാറിയത്. നിവൃത്തിയില്ലാതെ വന്നപ്പോൾ ഞങ്ങളും കത്തിയെടുത്തു കുത്തി. 
ഞങ്ങളെ വിളിച്ച16 കാരന് തലേന്നും തല്ലു കിട്ടിയിരുന്നു. അൻസറുമായി 
അടുപ്പമുണ്ടായിരുന്ന അവൻ വിളിച്ചിട്ടായിരുന്നു ഞങ്ങൾ ചെന്നത്.’ അഷ്റഫ് 
സംഭവം വിവരിക്കുമ്പോൾ ഗൗരവത്തിൽ ചോദ്യം ചെയ്യാൻ നിന്ന പൊലീസുകാർക്കും 
ചിരിയടക്കാനായില്ല. 
കൊയ്ത്തൂർക്കോണം വെള്ളൂരിൽ  യുവാക്കളെ മർദിക്കുകയും കത്തി കൊണ്ട് 
കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ റിമാൻഡിലായിരുന്ന മംഗലപുരം 
പിഎച്ച്സിക്കു സമീപം എഎസ്ആർ മൻസിലിൽ കുട്ടൻ എന്ന ഷെഹിൻ ( 24 ), കാരമൂട് 
മുള്ളൻകോളനി ആലുനിന്നവിള വീട്ടിൽ അഷ്റഫ് ( 26 ) എന്നിവർ 
തെളിവെടുപ്പിനെ്തിയപ്പോഴാണ് പൊലീസിനോട് ഇതു വിശദീകരിച്ചത്.  മംഗലപുരം 
പ്രിൻസിപ്പൽ എസ്ഐ ഡി.ജെ സാലുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് 
ഇരുവരെയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്. ഇക്കഴിഞ്ഞ 8ന് രാത്രി 
ഏഴരയോടെയായിരുന്നു  ആക്രമണം.16 വയസ്സുകാരൻ വിളിച്ചു പറഞ്ഞതനുസരിച്ചാണ് 
ഗുണ്ടാസംഘം വെള്ളൂരിലെത്തി ആക്രമണം നടത്തിയത്.
16 കാരനെ ജുവനൈൽഹോമിലേക്ക് മാറ്റിയിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ 
അഷ്റഫിന്റെ സഹോദരൻ അൻസർ ( 22 ) കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു. 
റിമാൻഡിലായ അൻസറിനെ കസ്റ്റഡിയിൽ വാങ്ങുമെന്നും സംഭവത്തിൽ ഉൾപ്പെട്ടവരെല്ലാം
 ഒട്ടേറെ കേസുകളിലെ പ്രതികളാണെന്നും  മംഗലപുരം എസ്എച്ച്ഒ സിജു കെ.എൽ നായർ 
പറഞ്ഞു. ആനതാഴ്ച്ചിറ നിസാം മൻസിലിൽ നിസാമുദ്ദീൻ ( 19 ), വെള്ളൂർ സ്വദേശി 
സജിൻ ( 19 ), ആനതാഴ്ച്ചിറ ലക്ഷംവീട് കോളനിയിൽ സനീഷ് ( 21 ), നിഷാദ് 
എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. 
ഓട്ടോ റിക്ഷാ ഡ്രൈവർ നെടുമങ്ങാട് പനവൂർ സ്വദേശി സിദ്ദീഖിനെ മംഗലപുരത്ത് 
ഇടറോഡിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും കത്തികൊണ്ട് കാലിൽ കുത്തി 
മുറിവേൽപ്പിക്കുകയും ചെയ്ത ശേഷം മൊബൈൽ ഫോണും 3,000 രൂപയും തട്ടിയെടുത്ത 
കേസിലും റിമാൻഡിലായ അഷ്റഫും അൻസറും ഷെഹിനും പ്രതികളാണ്. രണ്ടു 
ദിവസത്തേയ്ക്കു കസ്റ്റഡിയിൽ വാങ്ങിയ അഷ്റഫിനെയും ഷെഹിനെയും ഇന്നലെ ഉച്ചയോടെ
 തിരികെ കോടതിയിൽ ഹാജരാക്കി.