ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ പ്രതിയുടെ കൈത്തണ്ടയിൽ വിലങ്ങു കുടുങ്ങി; രക്ഷിക്കാൻ ഫയർഫോഴ്സ് വേണ്ടിവന്നു

തിരുവനന്തപുരം: ജയിലിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് പ്രതിയുടെ കൈത്തണ്ടയിൽ വിലങ്ങു കുടുങ്ങി. തുടർന്ന് ഫയർഫോഴ്സിൻ്റെ സഹായത്തോടെ വിലങ്ങ് മുറിച്ച് മാറ്റി. തമ്പാനൂരിലെ ചിപ്സ് കടയിൽ അതിക്രമം നടത്തിയ കേസിൽ തമ്പാനൂർ പൊലീസ് പിടികൂടിയ  പ്രതികളിൽ ഒരാളായ മനോഷിന്റെ (32) ഇടതു കൈയ്യിൽ ബന്ധിച്ച വിലങ്ങാണ് മുറുകിപ്പോയത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പൊലീസ് സംഘം പരമാവധി ശ്രമം നടത്തിയെങ്കിലും വിലങ്ങ് അഴിക്കാൻ സാധിച്ചില്ല. ഇതോടെ പൊലീസ് ഫയർഫോഴ്സിൻ്റെ സേവനം തേടുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫിസിൽ പ്രതിയെ എത്തിച്ചു. തിരുവനന്തപുരം ഫയർ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫിസർ ഷാഫിയുടെ നേതൃത്വത്തിൽ അരമണിക്കൂറോളം പരിശ്രമിച്ച് കട്ടർ ഉപയോഗിച്ചാണ് വിലങ്ങ് മുറിച്ച് നീക്കിയത്.