ആരവത്തിനൊപ്പം ആവേശവും കൂടിയപ്പോൾ കോസ്റ്റൽ ഗെയിംസിന് മുന്നോടിയായുള്ള പ്രദർശന സൗഹൃദമത്സരം ഗംഭീരമായി. അടിമലത്തുറ ജെയ് ക്രൈസ്റ്റ് ഗ്രൗണ്ടിൽ നടന്ന സെവൻസ് ഫുട്‌ബോൾ മത്സരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് കിക്ക് ഓഫ് ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ടീമും അടിമലത്തുറ ടീമും ഏറ്റുമുട്ടിയ സൗഹൃദമത്സരത്തിന് ആവേശം നിറച്ച് പ്രശസ്ത മുൻ ഇന്ത്യൻ ഫുട്‌ബോൾതാരം ഐ.എം വിജയന്റെ സാന്നിധ്യവും ശ്രദ്ധേയമായി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ ആവേശഭരിതമായ മത്സരത്തിൽ ടീം അടിമലത്തുറ വിജയികളായി. കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് സി.ജെറോംദാസ്, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, അസിസ്റ്റന്റ് കളക്ടർ റിയ സിംഗ്, കോട്ടുകാൽ പഞ്ചായത്ത് സെക്രട്ടറി, ഡിടിപിസി സെക്രട്ടറി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധികൾ എന്നിവരും സന്നിഹിതരായിരുന്നു.