മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് മോശം പെരുമാറ്റം; എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനില്‍ എത്തിയ അമ്മയോട് എസ്എച്ച്ഒ മോശമായി പെരുമാറിയെന്ന പരാതിയില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. ധര്‍മ്മടം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സ്മിതേഷിനെയാണ് അന്വേഷണ വിധേയമായി സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. എടക്കാട് സ്വദേശി അനില്‍കുമാറിന്റെ അമ്മയോടാണ് സ്മിതേഷ് അപമര്യാദയായി പെരുമാറിയത്. മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ശനിയാഴ്ച്ച രാത്രിയാണ് സംഭവം. അതേസമയം കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് അമ്മയും സഹോദരനും അനില്‍കുമാറിനെ ജാമ്യത്തിലിറക്കാന്‍ സ്‌റ്റേഷനിലെത്തിയത്. മഫ്തിയിലായിരുന്ന എസ്എച്ച്ഒ സ്മിതേഷ് അനില്‍കുമാറിന്റെ അമ്മയോട് മോശമായി പെരുമാറി എന്നായിരുന്നു പരാതി.