മനോരോഗ ചികിത്സയ്ക്കെത്തിയ പതിമൂന്നുകാരനെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് പല തവണ പീഡിപ്പിച്ചു, ഡോക്ടര്‍ക്ക് ഏഴ് വര്‍ഷം തടവ്


മനോരോഗ ചികിത്സയ്ക്കെത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മണക്കാട് കുര്യാത്തി ടി.എന്‍. ആര്‍.എ 62 തണലില്‍ ഡോ. കെ. ഗിരീഷ് കുമാറിന് ഏഴ് വര്‍ഷം തടവ്. ഒന്നരലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴത്തുക കുട്ടിയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ ഗിരീഷ് കുമാര്‍ കുറ്റക്കാരനെന്ന് പ്രത്യേക പോക്സോ കോടതി ജഡ്ജി സുദര്‍ശന്‍ ഇന്നലെ കണ്ടെത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് പോക്സോ കേസില്‍ ഗിരീഷിനെ ശിക്ഷിക്കുന്നത്. ഒരു വര്‍ഷം മുമ്പ് മറ്റൊരു കേസില്‍ ആറ് വര്‍ഷം ശിക്ഷിച്ചിരുന്നു. കേസില്‍ ജാമ്യത്തില്‍ നില്‍ക്കവെയാണ് പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ ഇപ്പോള്‍ ഏഴ് വര്‍ഷം ശിക്ഷിച്ചിരിക്കുന്നത്. 

പ്രതിയുടെ വീടിനോട് ചേര്‍ന്നുളള ദേ പ്രാക്ടീസ്, പ്രാക്ടീസ് ടു പെര്‍ഫോം എന്ന സ്വകാര്യ ക്ലിനിക്കില്‍ വച്ചാണ് പതിമൂന്നുകാരനെ പീഡിപ്പിച്ചത്. 2015 മുതല്‍ 2017 വരെയുള്ള കാലയളവിലെ പീഡനങ്ങളില്‍ കുട്ടിയുടെ മാനസികനില ആകെ തകരാറിലായി. പീഡനവിവരം പുറത്ത് പറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതുകൊണ്ട് കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. രോഗം മൂര്‍ച്ഛിച്ച കുട്ടിയെ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. ഇവിടെ വച്ചാണ് കുട്ടി ഡോക്ടര്‍മാരോട് വിവരം പറഞ്ഞത്. ഇയാള്‍ കുട്ടിയെ നിരന്തരം തന്റെ മൊബൈലിലുളള അശ്ലീല ചിത്രങ്ങള്‍ കാണിച്ചാണ് പീഡിപ്പിച്ചിരുന്നത്. .