ക്ഷേത്ര വാതിലുകള്‍ക്ക് തീയിട്ടു, ആയിരവില്ലി ക്ഷേത്രത്തിലെ മോഷണ ശ്രമം ഉത്സവം തുടങ്ങാനിരിക്കേ

തിരുവനന്തപുരം: ക്ഷേത്രത്തിലെ വാതിലുകൾക്ക് തീയിട്ടശേഷം മോഷണശ്രമം നടന്നതായി പരാതി. പനവൂർ വെള്ളാഞ്ചിറ ആയിരവില്ലി ധർമശാസ്താ ക്ഷേത്രത്തിലെ രണ്ട് വാതിലുകളാണ് തീയിട്ട് നശിപ്പിച്ചത്. ക്ഷേത്രത്തിനു മുന്നിൽ സൂക്ഷിച്ചിരുന്ന നിലവിളക്കുകളും തട്ടങ്ങളും സമീപത്തെ ചിറയിലേക്ക് എറിഞ്ഞ നിലയിലാണുള്ളത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ക്ഷേത്രത്തിനകത്ത് കയറിയ മോഷ്ടാവ് വിറകുകൾ കൂട്ടിയിട്ട് ശാസ്താവിന്റെയും ഗണപതിയുടെയും ശ്രീകോവിലുകളുടെ വാതിലുകൾക്ക് തീയിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ക്ഷേത്രോത്സവം തുടങ്ങാനിരിക്കെയാണ് അക്രമം.

വാതിലിനോടു ചേർന്ന് വിറകുകൾ കൂട്ടിയിട്ടശേഷം മണ്ണെണ്ണയോ, പെട്രോളോ ഒഴിച്ച് തീയിടുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. വാതിലുകൾ കത്തി നശിച്ച നിലയിലാണ്. എന്നാൽ ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല എന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കൃഷ്ണൻനായർ പറഞ്ഞു. സംഭവത്തിൽ ക്ഷേത്രം ഭാരവാഹികൾ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നെടുമങ്ങാട് സി.ഐ. എസ്.സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.സമീപ കാലത്തായി ക്ഷേത്രത്തിനു നേരേ സമൂഹവിരുദ്ധരുടെ അക്രമങ്ങൾ പതിവായിരുന്നതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ആരോപിക്കുന്നു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും നെടുമങ്ങാട് സി.ഐ. എസ്.സതീഷ്‌കുമാർ അറിയിച്ചു.