പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി മന്ത്രി കെ എന്‍ ബാലഗോപാലിന്റെ അധ്യക്ഷതയിലും മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെയും സാന്നിധ്യത്തിലും ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
കൂടുതല്‍ രോഗീസൗഹൃദപരമായ രീതിയില്‍ ആശുപത്രിയിലെ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. ഘട്ടംഘട്ടമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ രാജ്യാന്തര നിലവാരത്തിലുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇ എസ് ഐ സി യുടെ പരിധിയില്‍ പ്രവര്‍ത്തിച്ചുവന്ന ആശുപത്രിയെ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറ്റിയപ്പോള്‍ പരിമിതമായ സാഹചര്യത്തില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ മികച്ച സൗകര്യങ്ങള്‍ സജ്ജീകരിച്ചു. പ്രിന്‍സിപ്പാള്‍ തസ്തിക അടക്കം സ്ഥിരമായും കരാര്‍ അടിസ്ഥാനത്തിലും 900ല്‍ അധികം ജീവനക്കാരെ നിയമിക്കാന്‍ സാധിച്ചു. തുടര്‍ന്നും കാലാനുസൃതമായ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കും. കൃത്യമായി ജോലി ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി സേവനവുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ആശുപത്രിയുടെ തുടര്‍ വികസനത്തിന് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിന് റവന്യൂ വകുപ്പുമായി ചേര്‍ന്ന് ചര്‍ച്ച നടത്തും. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഹോസ്പിറ്റലില്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ യോഗങ്ങളും, പരിശോധനകളും നടത്തണമെന്നും മന്ത്രി പറഞ്ഞു.