സൗജന്യ ഡയാലിസിസ് ഇരട്ടിയാക്കുന്നു; വൃക്കരോഗികൾക്ക് താങ്ങായി മലയിൻകീഴ് താലൂക്ക് ആശുപത്രി.

ശാരീരിക വിഷമതകൾക്കൊപ്പം സാമ്പത്തിക ബുദ്ധിമുട്ടും അലട്ടുന്ന രോഗികൾക്ക് ആശ്വാസവുമായി മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്. പ്രവർത്തനം ആരംഭിച്ച് അഞ്ച് മാസങ്ങൾ പിന്നിടുമ്പോൾ, സേവന മികവിൽ മാതൃകയാവുകയാണ് ഇവിടം. പ്രതിദിനം ആറുപേർക്ക് ചികിത്സ നൽകുന്ന ഡയാലിസിസ് യൂണിറ്റിൽ അടുത്ത ആഴ്ച മുതൽ 12 പേർക്ക് വരെ ചികിത്സ ലഭിക്കും.

ചികിത്സാചെലവ് താങ്ങാനാവാത്ത വൃക്ക രോഗികൾക്ക് ഡയാലിസിസ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ട രോഗികൾക്ക് ചികിത്സ പൂർണമായും സൗജന്യമാണ്. എപിഎൽ വിഭാഗത്തിലുള്ളവർക്ക് 200 രൂപയും, മറ്റുള്ളവർക്ക് 100 രൂപയുമാണ് ചികിത്സയ്ക്കായി ഈടാക്കുന്നത്.

യൂണിറ്റിന്റെ പ്രവർത്തനം ഷിഫ്റ്റ് അടിസ്ഥാനത്തിലേക്ക് മാറ്റിയാണ് കൂടുതൽ പേർക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നത്. ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നഴ്‌സ്, നാല് ഡയാലിസിസ് ടെക്‌നിഷ്യൻമാർ, രണ്ട് ക്ലീനിങ് ജീവനക്കാർ എന്നിവരുൾപ്പെടെ എട്ട് ജീവനക്കാരാണ് യൂണിറ്റിലുള്ളത്. ആറ് ഡയാലിസിസ് മെഷിനുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഒരു സ്റ്റാൻഡ്‌ബൈ യൂണിറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.

2022 നവംബർ 15നാണ് ഡയാലിസിസ് യൂണിറ്റ് താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചത്.  ആദ്യഘട്ടത്തിൽ ഒരു ഷിഫ്റ്റിലായിരുന്നു പ്രവർത്തനം. കൂടുതൽ രോഗികൾക്ക് സേവനം നൽകുന്നതിനായി ഏപ്രിൽ മുതൽ യൂണിറ്റിന്റെ പ്രവർത്തനം രണ്ട് ഷിഫ്റ്റുകളിലാക്കി. പരീക്ഷണാടിസ്ഥാനത്തിൽ നിലവിലെ രോഗികൾക്ക് ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ഡയാലിസിസ് നടത്തുന്നത്. അടുത്ത ആഴ്ച മുതൽ രാവിലെ എട്ട് മുതൽ പന്ത്രണ്ട് വരെയും, 12 മുതൽ വൈകീട്ട് 5 വരെയും ആയിരിക്കും പ്രവർത്തന സമയം. തിങ്കൾ മുതൽ ശനി വരെയാണ് സേവനം ലഭിക്കുന്നത്. നിലവിൽ 15 പേരാണ് ഡയാലിസിസ് യൂണിറ്റിൽ ചികിത്സയിലുള്ളത്. 85 രോഗികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  

1.15 കോടി രൂപ ചെലവിലാണ് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് നിർമിച്ചത്. നേമം ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളുടെയും പദ്ധതി വിഹിതം വിനിയോഗിച്ചാണ് യൂണിറ്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്.