തിരുവനന്തപുരം: ആളുകൾക്കും കൃഷിക്കും നാശം വിതച്ച പന്നികളെ ഷൂട്ടർ വെടിവച്ചിട്ടു. ആര്യനാട് പ്രദേശത്ത് കഴിഞ്ഞ കുറെ നാളുകളായി ഭീതി പരത്തിയ പന്നികളെയാണ് കൊന്നത്. വെടിവച്ച് കൊന്ന പന്നികളെല്ലാം തന്നെ നൂറ് കിലോയിലും അധികം ഭാരമുള്ളവയാണ്. ആര്യനാട് ഗോപകുമാറിൻ്റെ വീടിൻ്റെ പരിസരത്ത് നിന്നും 150 കിലോയോളം ഭാരമുള്ള കാട്ടു പന്നിയെയും, രാജേന്ദ്രൻ്റെ വീടിൻ്റെ പരിസരത്ത് നിന്നും 100 കിലോയോളം ഭാരമുള്ള പന്നിയെയും പാസ്‌ക്കലിൻ്റെ കൃഷിയിടത്തിൽ നിന്നും 120 കിലോയോളം ഭാരമുള്ള പന്നിയേയും ഷാഹുലിൻ്റെ വീടിൻ്റെ പരിസരത്ത് നിന്നും 150 കിലോയോളം ഭാരമുള്ള പന്നിയെയും ഗ്രാമപഞ്ചായത്ത് ഷൂട്ടർ ബി രാജൻ വെടിവച്ചിട്ടത്.രാത്രി ഒൻപതു മണിക്ക് ശേഷമാണ് വിവിധ ഇടങ്ങളിൽ വിവിധ ദിവസങ്ങളിലായി പ്രദേശത്ത് ഭീതി പരത്തുകയും കൃഷി നാശം ഉണ്ടാക്കുകയും ചെയ്ത പന്നികളെ വെടിവച്ചു കൊന്നത്. ഇവയെ പിന്നീട് പരിസരത്ത് തന്നെ കുഴി വെട്ടി മൂടി. വിവരം വനം വകുപ്പിനും കൈമാറി. പന്നിയെ സംസ്ക്കരിക്കാൻ ഉള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി ആണ് നാട്ടുകാരുടെയും പഞ്ചായത്തിൻ്റെയും സഹകരണത്തോടെ രാജൻ്റെ സേവന പ്രവർത്തനം. മുൻപ് വെടിവച്ചിട്ടു പന്നിയെ അജ്ഞാതർ കടത്തി കൊണ്ട് പോയ സംഭവം ഉണ്ടായതോടെ ഇപ്പോൾ അതീവ ജാഗ്രതയോടെ ആണ് പന്നിയെ വെടിവച്ചു ഇട്ട ശേഷം സംസ്കരിക്കുന്നത് വരെയുള്ള നീക്കങ്ങൾ എന്നാണ് ഷൂട്ടര്‍ രാജൻ പ്രതികരിക്കുന്നത്