പോത്തൻകോട് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് അഞ്ചംഗ സംഘം,

തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു. മീനാറ സ്വദേശി ഷഹനാസിനാണ് മർദ്ദനമേറ്റത്. രണ്ടു ബൈക്കുകളിൽ എത്തിയ അഞ്ചംഗ സംഘമാണ് ഷഹനാസിനെ വീട്ടിൽ കയറി ആക്രമിച്ചത്. വൈകിട്ട് നാല് മണിയോടുകൂടിയാണ് ആക്രമണം. സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽവച്ചായിരുന്നു ക്രൂര മർദ്ദനം. ആക്രമണത്തിൽ ഷഹനാസിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു.മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അക്രമിച്ചവരെ മുൻപരിചയമില്ലെന്നാണ് ഷഹനാസ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്തിന്റെ പേരിലാണ് ആക്രമണമെന്ന് അറിയില്ലെന്നും ഷഹനാസ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രവാസിയായ ഷഹനാസ് മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്.