ഷുഗറും പ്രഷറും നോക്കാന്‍ വീടുകളില്‍ ആളെത്തും,കിളിമാന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിന്‍റെ ജനകീയ ലാബ്

തിരുവനന്തപുരം. പുതുമ കൊണ്ട് കേരളമാകെ ശ്രദ്ധിക്കുന്ന പരിപാടിയാണ് കിളിമാന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിന്‍റെ ജനകീയ ലാബ്. ഷുഗറും പ്രഷറും നോക്കാന്‍ വീടുകളില്‍ ആളെത്തും. കിളിമാനൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് ജീവിതശൈലി രോഗത്തിനായി ആരംഭിച്ച ജനകീയ ലാബ് അനുകരിക്കാന്‍ പല പഞ്ചായത്തുകളും ആലോചന തുടങ്ങി. പത്തു രൂപ നല്‍കിയാല്‍ വീട്ടിലെത്തി പ്രമേഹവും രക്ത സമ്മര്‍ദ്ദവും പരിശോധിച്ചു നല്‍കുന്നതാണ് പദ്ധതി. ആശ പ്രവര്‍ത്തകരാണ് ജനകീയ ലാബിന്റെ നടത്തിപ്പുകാര്‍.

ജീവിതശൈലി രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ചേര്‍ത്തുനില്‍പ്പും കരുതലുമാവുകയാണ് കിളിമാനൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് ആരംഭിച്ച ആരോഗ്യ ഭവനം- ജനകീയ ലാബ് പദ്ധതി. സ്വകാര്യ ലാബുകളില്‍ പോകാതെ പത്തുരൂപയ്ക്ക് വീട്ടുപടിക്കല്‍ ജീവിതശൈലി രോഗങ്ങള്‍ നിര്‍ണയിക്കാനാകും.പ്രമേഹത്തിനുംവ രക്തസമ്മര്‍ദ്ദത്തിനും പുറമെ അമിത വണ്ണവും അത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകളും മുന്‍കൂട്ടി മനസിലാക്കുന്നതിനുള്ള ബി.എം.ഐ നിര്‍ണയവും ആരോഗ്യ ഭവനം പദ്ധതിയിലുണ്ട്. പ്രായമായവര്‍ക്ക് നിരന്തരമുള്ള രക്തപരിശോധന വലിയ ബുദ്ധിമുട്ടാണ്. പണമുണ്ടായാല്‍ പോലും ലാബിലെത്തിപ്പെടാനാവില്ല, ഇതുമൂലം ഗുരുതരാവസ്ഥ അറിയാതെ പോകും.

ഗുരുതരമായ ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്തുന്നവരെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും.സേവനങ്ങള്‍ വിപുലമാക്കി പണമുള്ളവരില്‍ നിന്നും അല്‍പം കൂടുതല്‍ ഈടാക്കുകയും അത് ബുദ്ധിമുട്ടുളളവര്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നതരത്തില്‍ വിപുലീകരിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്.