സാമൂഹിക വിരുദ്ധരും ഗുണ്ടകളും അതിക്രമം തുടരുമ്പോഴും ജില്ലയില്‍ പൊലീസ് നിഷ്‌ക്രിയം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ മറ്റൊരു നേര്‍ക്കാഴ്ചയായി അരിസ്റ്റോ ജംക്ഷനില്‍ കഴിഞ്ഞ ദിവസം രാത്രി നടന്നത്. പാറ്റൂര്‍ മൂലവിളാകത്ത് സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി എവിടെയെന്നറിയാതെ വലയുകയാണ് പൊലീസ്. അതിനിടയിലാണ് തമ്പാനൂരില്‍ സ്ത്രീകള്‍ക്കെതിരെ നേരെ വീണ്ടും അതിക്രമം ഉണ്ടായത്.
സാമൂഹിക വിരുദ്ധരെയും ഗുണ്ടകളെയും പിടികൂടാനായി സിസിടിവികളെ മാത്രം പൊലീസ് ആശ്രയിച്ചു തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നു ആരോപണമുണ്ട്. ജില്ലയിലെ മണല്‍ കടത്ത് ക്വാറി മാഫിയകളും പൊലീസുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് മുന്‍പ് പലപ്പോഴും പുറത്ത് വന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് പാറ്റൂര്‍ ജംക്ഷനില്‍ കാറില്‍ സഞ്ചരിച്ച നാലംഗ സംഘത്തെ ആക്രമിച്ച ഗുണ്ട ഓംപ്രകാശിനെ പിടികൂടാന്‍ ഇതു വരെ സാധിച്ചിട്ടില്ല.
ഇയാളെ തിരക്കി പൊലീസ് പല സംസ്ഥാനങ്ങളിലും പോയെങ്കിലും കിട്ടിയില്ല. ഇയാള്‍ക്ക് വിവരങ്ങള്‍ക്ക് ചോര്‍ത്തി നല്‍കാന്‍ പൊലീസില്‍ തന്നെ ചാരന്മാര്‍ ഉണ്ടെന്നാണ് വിവരം. ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിട്ടും പൊലീസിനു ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. ക്വാറി മണല്‍ മാഫിയകളില്‍ നിന്ന് പടി പറ്റിയ പൊലീസുകാരെ പല തവണ മാറ്റി നിയമിച്ചിട്ടും നഗരത്തിലെ അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധിക്കാത്തത് പൊലീസിന് തലവേദനയായി മാറിയിട്ടുണ്ട്. ഇതിനൊപ്പം പൊലീസ് ബീറ്റ് സംഘങ്ങളും രാത്രി പട്രോളിങ് ടീമും നിര്‍ജീവമായതും അക്രമികള്‍ക്ക് തുണയാകുന്നു. അക്രമം നടക്കുന്നതിനു മുന്‍പ് സ്ഥലത്ത് എത്തേണ്ട പൊലീസ് സംഘം പരാതി നല്‍കിയാലും ഇടപെടാത്ത സംഭവങ്ങളും അനവധിയാണ്.
അക്രമങ്ങളും അനിഷ്ട സംഭവങ്ങളും മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യേണ്ട സ്‌പെഷല്‍ ബ്രാഞ്ച് സംഘങ്ങളും നിഷ്്ക്രിയമാണ്. വാഹനങ്ങളില്‍ എത്തിയും അല്ലാതെയും സ്ത്രീകളെ ആക്രമിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. സിസിടിവി പരിശോധിച്ച് വണ്ടി നമ്പര്‍ വഴി അക്രമികളില്‍ ചിലരെ പിടികൂടാന്‍ സാധിക്കുന്നുണ്ടെങ്കിലും സ്ത്രീ സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് വീഴ്ച തുടരുകയാണ്.