ട്രെയിൻ നീങ്ങിയപ്പോൾ കയറാൻ ശ്രമിച്ചു, പാളത്തിലേക്ക് വീഴുമായിരുന്ന സ്ത്രീക്ക് രക്ഷകനായി റെയിൽവേ പോർട്ടർ

ആലപ്പുഴയിൽ ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീഴുമായിരുന്ന സ്ത്രീക്ക് രക്ഷകനായി റെയിൽവേ പോർട്ടർ. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 6.30 നുള്ള തിരുവനന്തപുരത്തേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസിൽ കയറാനെത്തിയ കുടുംബത്തിലെ സ്ത്രീയ്ക്കാണ് പോർട്ടറായ ഷമീർ രക്ഷകനായത്. ട്രെയിൻ എത്തുന്നതിന് മുൻപ് റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് അഞ്ചംഗ കുടുംബം.ട്രെയിൻ നിർത്തിയിട്ട സമയത്ത് കയറേണ്ട കോച്ച് അന്വേഷിച്ചു നടക്കുകയായിരുന്നു ഇവർ. ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോഴാണ് കയറേണ്ട കോച്ച് കണ്ടെത്തിയത്. കുടുംബത്തിലെ മുതിർന്ന സ്ത്രീ ഒഴികെയുള്ളവരെല്ലാം ഉള്ളിൽ കയറി. ട്രെയിൻ വേഗമെടുത്തു തുടങ്ങിയപ്പോഴും ഇവർ കയറാൻ ശ്രമം തുടർന്നു. പിടിവിട്ടാൽ ഇവർ ട്രെയിനടിയിലേക്ക് വീഴുന്ന അവസ്ഥയായി . ഇത് കണ്ടാണ് പോർട്ടറായ ഷമീർ ഓടിയെത്തി ഇവരെ രക്ഷിച്ചത്.പിടിവിട്ട് പ്ലാറ്റ് ഫോമിലേക്ക് വീണെങ്കിലും ഇരുവർക്കും പരുക്കേറ്റില്ല. അമ്മ കയറാത്തതിനാൽ മകളും ട്രെയിനിൽ നിന്ന് ചാടിയിറങ്ങി. മുതിർന്ന സ്ത്രീയുടെ ഭർത്താവ് ഇതേ ട്രെയിനിൽ തന്നെ തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു. അമ്മയും മകളും മകളുടെഭർത്താവും ചെറിയ കുട്ടിയും ടാക്സികാർ വിളിച്ച് തിരുവനന്തപുരത്തേക്ക് പോയി. തമിഴ് സംസാരിക്കുന്നവരാണ് കുടുംബം . കൃത്യസമയത്ത് രക്ഷകനായി മാറിയ ഷമീറിനെ എല്ലാവരും അഭിനന്ദിച്ചു.