തിരുവനന്തപുരം: ലോട്ടറി അടിച്ചവർക്ക് ക്ലാസുമായി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ലോട്ടറിയിലൂടെ ലഭിക്കുന്ന പണം എത്തരത്തില്‍ വിനിയോഗിക്കാം എന്നാണ് ക്ലാസിലൂടെ പഠിപ്പിക്കുന്നത്. ലോട്ടറി അടിച്ച് പണം ദൂര്‍ത്തടിച്ച് പോയ പലരൂടെയും നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു ആശയത്തിലേക്ക് ഭാഗ്യക്കുറി വകുപ്പ് എത്തിയിരിക്കുന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക 25 കോടി ലഭിച്ച അനൂപ് അടക്കം അമ്പതോളം ഭാഗ്യശാലികൾ ക്ലാസിനെത്തി. സഹായ അഭ്യര്‍ഥനയുമായി വരുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണം, പണം ഫലപ്രദമായി എവിടെയൊക്കെ നിക്ഷേപിക്കാം, ഇവ കാരണമുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ എങ്ങനെ ലഘൂകരിക്കാം എന്നൊക്കെയായിരുന്നു ക്ലാസ്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും ഭാഗ്യവാന്‍മാര്‍ക്കായി ക്ലാസ് നടത്താനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം.
'ലോട്ടറി അടിച്ചവർക്ക് പണ കൈമാറുന്നതിന് മുമ്പ് ഒരു ക്ലാസ് ആദ്യം കൊടുക്കണം. ഒരു കോടി ലോട്ടറി അടിച്ചാൽ നമ്മുടെ കയ്യിൽ എത്ര കിട്ടും അതിൽ എപ്പോഴൊക്കെ ടാസ്ക് അടക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ മനസിലാക്കണം. ഇതെല്ലാം ലോട്ടറി അടിച്ചാൽ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണ്', എന്നാണ് തിരുവോണം ബമ്പർ ഭാഗ്യവാൻ അനൂപ് പറയുന്നത്.ഒരു കോടി എട്ട് ലക്ഷത്തിന് മുകളിൽ ലോട്ടറി ടിക്കറ്റുകളാണ് കേരളത്തിൽ ഒരുദിവസം വിറ്റഴിയുന്നത്. രണ്ട് ലക്ഷം പേരാണ് ലോട്ടറിയിലൂടെ ജീവിക്കുന്നത്. ദിവസവും ഓരു ഭാഗ്യശാലിയെങ്കിലും ഉണ്ടാകുന്നുണ്ട്. ഏഴായിരം കോടിക്ക് മുകളിലാണ് ഒരു വർഷം സമ്മാനമായി മാത്രം ലോട്ടറി വകുപ്പ് നൽകുന്നത്. എന്തായാലും ലോട്ടറി വകുപ്പിന്റെ പുതിയ സംരംഭം ഭാഗ്യശാലികൾക്ക് വലിയ മുതൽക്കൂട്ടാകും എന്നാണ് പൊതുവിലെ വിലയിരുത്തലുകൾ.