തിരുവനന്തപുരം കിളിമാനൂരില്‍ പൊലീസിന് നേരെ ലഹരിമാഫിയ സംഘത്തിന്റെ മുളക് സ്പ്രേ ആക്രമണം. കടയ്ക്കല്‍ പൊലീസിന് നേരെയാണ് ആക്രമണമുണ്ടായത്. കടുമാന്‍കുഴി സ്വദേശി അനീഷിന്റെ വീട്ടില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കായി എത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തില്‍ ലഹരിമാഫിയ സംഘത്തിലെ തലവന്‍ വിവേകിനെ പൊലീസ് പിടികൂടി.ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കൊല്ലം കടയ്ക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ലഹരി കേസുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് കിളിമാനൂര്‍ പൊലീസ് സംഘം അനീഷിന്റെ വീട്ടിലെത്തിയത്.
അനീഷിന്റെ വീട്ടില്‍ ലഹരി മാഫിയ സംഘം സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന് കടയ്ക്കല്‍ പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.പൊലീസ് എത്തിയ വിവരമറിഞ്ഞ് സ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ മുളക് സ്‌പ്രേ തളിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പരിശോധനയില്‍ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. മുളക് സ്േ്രപ ആക്രമണമേറ്റ പൊലീസുകാരന്റെ കണ്ണിന് സാരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തെ ഗൗരവമായാണ് പൊലീസ് കാണുന്നത്.