അരിക്കൊമ്പൻ ദൗത്യം വിജയം. 11 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് ലോറിയിൽ കയറ്റിയത്. കോന്നി സുരേന്ദ്രൻ, സൂര്യൻ, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു. അരിക്കൊമ്പൻ ചെറുത്ത് നിന്നതോടെ ആറാമത്തെ മയക്കുവെടിയും വെക്കേണ്ടി വന്നിട്ടുണ്ട് ദൗത്യസംഘത്തിന്. കാലുകൾ ബന്ധിച്ച ശേഷം കുങ്കിയാനകൾ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തിൽ കയറ്റാൻ നേരത്തേ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിന് ശേഷം അധികം വൈകാതെ തന്നെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനായി എന്നത് വിജയമാണ്.നേരത്തേ അരിക്കൊമ്പൻ കുതറി മാറുകയും മുഖം മറച്ചിരുന്ന കറുത്ത തുണി തട്ടിത്തെറിപ്പിക്കുകയും ചെയ്തിരുന്നു. കുങ്കിയാനകൾ മുന്നോട്ട് അടുത്തതോടെയാണ് അരിക്കൊമ്പൻ കുതറി മാറിയതും മുഖം മറച്ചിരുന്ന തുണി തട്ടിത്തെറിപ്പിതും. കൊമ്പൻ കുതറി മാറിയതോടെ പിന്നിൽ നിന്നിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്‌പോൺസ് ടീമും ചിതറിയോടുകയായിരുന്നു.