പ്രമുഖർക്ക് ബ്ലൂ ടിക്ക് തിരികെ നൽകി ട്വിറ്റർ; പണം നൽകേണ്ടി വരുന്നത് ആരൊക്കെ?

സാൻഫ്രാൻസിസ്കോ: പ്രമുഖ വ്യക്തികളുടെ ബ്ലൂടിക്ക് ബാഡ്ജുകൾ പുനഃസ്ഥാപിച്ച് ട്വിറ്റർ. പണമടയ്ക്കാത്ത എല്ലാ ട്വിറ്റർ അക്കൗണ്ടുകളിലെയും ബ്ലൂ ചെക്ക് മാർക്കുകൾ ട്വിറ്റർ എടുത്തുകളഞ്ഞിരുന്നു. എന്നാൽ ദിസങ്ങൾക്ക് ശേഷം ഉയർന്ന പ്രൊഫൈൽ ഉള്ളവരുടെ ബ്ലൂ ചെക്ക്‌മാർക്കുകൾ തിരികെ നൽകിയിരിക്കുകയാണ് ട്വിറ്റർ. ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റർ പണമടച്ച് സബ്‌സ്‌ക്രിപ്‌ഷൻ നേടാത്ത അക്കൗണ്ടുകളുടെ ഐക്കണുകൾ നീക്കം ചെയ്യാൻ തുടങ്ങിയതിന് പിന്നാലെ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാബ് ബച്ചൻ മുതൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വരെയുള്ള ഇന്ത്യൻ സെലിബ്രിറ്റികൾക്കും മുൻനിര രാഷ്ട്രീയക്കാർക്കും അവരുടെ ട്വിറ്റർ അക്കൗണ്ടുകളിൽ വെരിഫൈഡ് ബ്ലൂ ടിക്കുകൾ നഷ്ടമായിരുന്നു. 

എന്നാൽ നിലവിൽ ട്വിറ്റർ പ്രമുഖരുടെ അക്കൗണ്ടുകളിലുള്ള ബ്ലൂ ചെക്ക് മാർക്കുകൾ തിരികെ നൽകി. മോഹൻലാൽ, മമ്മൂട്ടി, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, മലാല യൂസഫ്‌സായി തുടങ്ങിയവർക്കെല്ലാം ബ്ലൂ ചെക്ക് മാർക്കുകൾ തിരികെ ലഭിച്ചു. ബ്ലൂ ടിക്കുകൾ ലഭിച്ച അക്കൗണ്ടുകൾ പണം നൽകിയിട്ടുണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ല. ചാഡ്‌വിക്ക് ബോസ്മാൻ, കോബി ബ്രയാന്റ്, മൈക്കൽ ജാക്‌സൺ തുടങ്ങിയ മരണപ്പെട്ട സെലിബ്രിറ്റികളുടെ അക്കൗണ്ടുകൾക്കും ബ്ലൂ ടിക്ക് തിരികെ ലഭിച്ചിട്ടുണ്ട്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ബ്ലൂ ടിക്ക് തിരികെ ലഭിച്ചുവെന്നും എന്നാൽ താൻ പണം നൽകിയില്ലെന്നും ട്വീറ്റ് ചെയ്തു. ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചതിൽ ആശ്ചര്യവും സന്തോഷവും പ്രകടിപ്പിച്ച് നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായും ട്വീറ്റ് ചെയ്തു. പുനഃസ്ഥാപിച്ച ബ്ലൂ ടിക്കുകളെ കുറിച്ച് ട്വിറ്ററിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.