തിരുവനന്തപുരത്ത് തായ്‌ലാന്‍ഡ് കഞ്ചാവുമായി യുവതിയും സുഹൃത്തും അറസ്റ്റില്‍. കവടിയാര്‍ സ്വദേശിയായ വരുണ്‍ ബാബു (24) ചുള്ളിമാനൂര്‍ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഹൈബ്രീഡ് ഇനത്തില്‍പ്പെട്ട 15 ഗ്രാം തായ്‌ലാന്‍ഡ് കഞ്ചാവ് കണ്ടെടുത്തു. കരമനയിലെ ഒരു യുവാവിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയാണ് വിനിഷ. പിടിയിലായ വരുണ്‍ ബാബു നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്ത് വരികയായിരുന്നു പ്രതികള്‍. പരശുവയ്ക്കലില്‍ പാറശ്ശാല സി.ഐ യുടെ നേതൃത്വത്തില്‍ പൊലീസും, ആന്റി നാര്‍ക്കോട്ടിക് സംഘവും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ബസ് എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇരുവരുടെയും ബാഗിനുള്ളില്‍ നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഒരു പ്ലാസ്റ്റിക് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
കരമനയില്‍ പെണ്‍വാണിഭം എതിര്‍ത്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനിഷ. ഇവരുടെ ഭര്‍ത്താവ് കേസിലെ ഒന്നാം പ്രതിയാണ്. ഇയാള്‍ നിലവില്‍ കാപ്പാ കേസില്‍ കുടുങ്ങി ജയിലില്‍ ആണ്. ഒരു വര്‍ഷം മുമ്പായിരുന്നു കൊലപാതകം.