അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷിമ്രോണ്‍ ഹെറ്റ്‍മെയറിന്‍റെ (39*) പ്രകടനവും നിര്‍ണായകമായി. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ ഡല്‍ഹിക്ക് കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ‍് വാര്‍ണര്‍ക്ക് (65) മാത്രമാണ് ക്യാപിറ്റല്‍സ് നിരയില്‍ മികവ് പുറത്തെടുക്കാനായുള്ളൂ. 38 റണ്‍സെടുത്ത ലളിത് യാദവും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. രാജസ്ഥാന് വേണ്ടി ട്രെൻഡ് ബോള്‍ട്ടും ചഹലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.നിര്‍ത്തി.
ഡല്‍ഹിയുടെ ബോള്‍ട്ടിളകി
വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഒട്ടും ആഗ്രഹിക്കാത്ത തുടക്കമാണ് ലഭിച്ചത്. ഇംപാക്ട് പ്ലെയറായി വന്ന പൃഥ്വി ഷാ രാജസ്ഥാൻ നായകൻ സഞ്ജുവിന്‍റെ കിടിലൻ ക്യാച്ചില്‍ പുറത്തായി. ട്രെൻഡ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ സഞ്ജുവിന് ക്യാച്ച് നല്‍കി പൃഥ്വി ഷാ മടങ്ങുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ മനീഷ് പാണ്ഡെയെയും പുറത്താക്കി ബോള്‍ട്ട് ആഞ്ഞടിച്ചതോടെ ഡല്‍ഹി പരുങ്ങി. 12 പന്തില്‍ 14 റണ്‍സെടുത്ത റിലി റൂസൗവിനെ അശ്വിനും മടക്കിയതോടെ രാജസ്ഥാൻ ആവേശത്തിലായി.
ഒരറ്റത്ത് വിക്കറ്റ് കാത്തുസൂക്ഷിച്ച നായകൻ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ലളിത് യാദവ് ചേര്‍ന്നതോടെയാണ് ഡല്‍ഹി താളം കണ്ടെത്തിയത്. ഇരുവരും ചേര്‍ന്ന് ഡല്‍ഹിയെ കരകയറ്റിയതോടെ സഞ്ജു തന്‍റെ തുറുപ്പ് ചീട്ടിനെ വീണ്ടും കളത്തിലിറക്കി. തന്‍റെ അവസാന ഓവറിലെ അവസാന പന്തില്‍ ലളിത് യാദവിന്‍റെ സ്റ്റംമ്പുകള്‍ തെറിപ്പിച്ചാണ് ബോള്‍ട്ട് ക്യാപ്റ്റന്‍റെ വിശ്വാസം കാത്തത്. 24 പന്തില്‍ 38 റണ്‍സാണ് ലളിത് യാദവ് നേടിയത്.
തുടര്‍ന്ന് വന്ന അക്സര്‍ പട്ടേലിനും റോവ്‍മാൻ പവലിനും അധികം നേരം ക്രീസില്‍ ചെലവഴിക്കാനുള്ള അവസരം റോയല്‍സ് നല്‍കിയില്ല. ഇതിനിടെ വാര്‍ണറെ മുരുകൻ അശ്വിൻ കുടുക്കിയെങ്കിലും സര്‍ക്കിളിലെ ഫീല്‍ഡര്‍മാരുടെ എണ്ണത്തിലെ പ്രശ്നം കാരണം അമ്പയര്‍ നോ ബോള്‍ വിളിച്ചു. എന്നാല്‍, വാര്‍ണര്‍ക്കും രക്ഷിക്കാനാവാത്ത വിധം ഡല്‍ഹിയില്‍ നിന്ന് മത്സരം കൈവിട്ട് പോയിരുന്നു. ഒടുവില്‍ ചഹല്‍ വാര്‍ണറെയും പുറത്താക്കിയതോടെ മിന്നുന്ന വിജയം തന്നെ രാജസ്ഥാൻ പേരിലെഴുതി.