ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കരവാരം പഞ്ചായത്തിനെയും ആറ്റിങ്ങൽ നഗരസഭയെയും ബന്ധിപ്പിച്ച് വാമനപുരം നദിയിലെ പരവൂർപുഴ കടവിൽ പാലം നിർമിക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രാഥമികാംഗീകാരം. മണ്ണ് പരിശോധന അടക്കമുള്ള നടപടികൾ ഉടൻ ആരംഭിക്കും. പതിറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞുകേൾക്കുകയും പിന്നീട് വിസ്മൃതിയിലാവുകയും ചെയ്ത പ്രദേശവാസികളുടെ സ്വപ്ന പദ്ധതിക്കാണ് ഇതോടെ ജീവൻ വയ്ക്കുന്നത്. കരവാരം പഞ്ചായത്തിലെ വഞ്ചിയൂർ - പട്ട്ള റോഡും ആറ്റിങ്ങൽ നഗരസഭയിലെ ഗ്രാമം ജങ്ഷൻ -വാട്ടർ അതോറിറ്റി - പരവൂർ പുഴ റോഡുമായാണ് പാലം ബന്ധിപ്പിക്കുന്നത്. കിളിമാനൂർ , കാരേറ്റ് എന്നിവിടങ്ങളിൽ നിന്ന് ആറ്റിങ്ങലിലേക്കും തിരുവനന്തപുരത്തേക്കും ഇതുവഴി വേഗത്തിൽ എത്താനാകും. ഇരു കരകളെയും ബന്ധിപ്പിച്ച് മുമ്പുണ്ടായിരുന്ന കടത്തുവള്ളവും വർഷങ്ങൾക്കു മുമ്പ് നിലച്ചതോടെ രണ്ട് നാടുകൾ തമ്മിലുള്ള ആത്മബന്ധവും ഏതാണ്ട് നിലച്ചു. പാലം യാഥാർഥ്യമാകുന്നതോടെ നിലച്ച ആ ബന്ധവും വീണ്ടും ഊഷ്മളമാകും. എൽ ഡി എഫ് സർക്കാർ നാടിന്റെ സ്വപ്നങ്ങൾക്ക് എങ്ങനെയാണ് നിറം പകരുന്നത് എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ പദ്ധതി. എം എൽ എ എന്ന നിലയിൽ നാടിന്റെ ആവശ്യം അറിഞ്ഞ് സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കാനായതിൽ ചാരിതാർത്ഥ്യമുണ്ട്.
OS Ambika MLA